
കൊച്ചി: ബസ് യാത്രക്കാരോടും കാൽനടയാത്രക്കാരോടും മോശമായി പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടി ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങൾ ലംഘിച്ച് തോന്നിയപോലെ പെരുമാറുന്ന ജീവനക്കാർക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) ഉൾപ്പെടെയുള്ള രേഖകൾ നിർബന്ധമാക്കാനുള്ള നടപടികളാണ് എംവിഡി കടുപ്പിക്കുന്നത്.
ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിയമലംഘനം കണ്ടെത്തിയാൽ 7,500 രൂപ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പി.സി.സി ഇല്ലാത്ത ജീവനക്കാരെ ജോലിക്കെടുത്താൽ ബസ് ഉടമയ്ക്കെതിരെയും കേസെടുക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.
പരാതികൾ വ്യാപകമായതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എംവിഡി ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ഭൂരിഭാഗം ജീവനക്കാരുടെയും കൈവശം പി.സി.സി സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് പരിശോധനകളും തുടർനടപടികളും കൂടുതൽ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്.
അലക്ഷ്യമായ ഡ്രൈവിങ്, അമിതവേഗം, ട്രാഫിക് സിഗ്നൽ ലംഘനം, യാത്രക്കാരോടും കാൽനടയാത്രക്കാരോടുമുള്ള മോശം പെരുമാറ്റം, റോഡരികിലെ നിയമലംഘനങ്ങൾ തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് വ്യാപകമായി ലഭിച്ചത്. നിയമലംഘനം നടത്തുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ തെളിവായി സഹിതം പരാതി നൽകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.







Comments