
ഡൽഹി: ലഡാക്കിന്റെ സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വ്യക്തത നൽകണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക് വീണ്ടും പ്രതിഷേധത്തിന്. സെപ്റ്റംബർ 19 മുതൽ 24 വരെ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ലഡാക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരാഴ്ചയ്ക്കകം കേന്ദ്രം ഉറപ്പ് നൽകണമെന്നും വാങ്ചുക് ആവശ്യപ്പെട്ടു.
സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട് വ്യക്തമായ റോഡ്മാപ്പ് തയ്യാറാക്കാൻ കേന്ദ്രത്തിന് ഒരു വർഷത്തെ സമയം നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്കിൽ ജനാധിപത്യപരമായ ഉത്തരവാദിത്തവും പ്രാദേശിക നിയന്ത്രണവും ഉറപ്പാക്കണമെന്നാണ് ആവശ്യം.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭ നിലവിൽ വരുന്നതിന് മുമ്പ് കേന്ദ്രം ഭരണപരമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനെയും വാങ്ചുക് ചോദ്യം ചെയ്തു. ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭ രൂപീകരിക്കുന്നതിന് മുമ്പുള്ള ഇത്തരം തീരുമാനങ്ങളാണ് ലഡാക്ക് നേരിടുന്ന പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നിയമസഭയ്ക്കായിരിക്കണം പരമാധികാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉദ്യോഗസ്ഥവൃന്ദം, ക്രമസമാധാനം, സാമ്പത്തിക അധികാരങ്ങൾ എന്നിവ ആ പ്രദേശത്തെ ജനപ്രതിനിധികളുടെ കീഴിലായിരിക്കണമെന്നും വാങ്ചുക് ആവശ്യപ്പെട്ടു.
അതേസമയം, ലഡാക്കിന് ഉടൻ പൂർണ സംസ്ഥാന പദവി വേണമെന്ന നിലപാടിൽ അദ്ദേഹം അൽപം അയവ് വരുത്തി. ആദ്യഘട്ടത്തിൽ തന്നെ എല്ലാ ആവശ്യങ്ങളും നേടിയെടുക്കാൻ ലഡാക്കിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.







Comments