
അയോധ്യ: അടിസ്ഥാന സൗകര്യ വികസനത്തിനും തീർഥാടന - വിനോദസഞ്ചാര മേഖലയുടെ വിപുലീകരണത്തിനും ഊന്നൽ നൽകി അയോധ്യയിൽ വൻ വികസന പദ്ധതികൾ പുരോഗമിക്കുന്നു. റോഡുകൾ, റെയിൽവേ, വിമാനത്താവളം, പരിക്രമ പാതകൾ, താമസ സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിനൊപ്പം 1,400 ഏക്കറിൽ 7,000 കോടി രൂപയുടെ ഗ്രീൻഫീൽഡ് ടൗൺഷിപ്പ് പദ്ധതിയും നടപ്പാക്കിവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റും അയോധ്യ കളക്ടറുമായ ശശാങ്ക് ത്രിപാഠി പറഞ്ഞു. രാമക്ഷേത്രത്തെ കേന്ദ്രീകരിച്ച് രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളുമായി അയോധ്യയെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പി.ഐ.ബി. തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഏഴുദിവസത്തെ ഉത്തർപ്രദേശ് മാധ്യമ പര്യടനത്തിന്റെ നാലാം ദിവസമാണ് മാധ്യമ പ്രതിനിധി സംഘം അയോധ്യ സന്ദർശിച്ചത്. രാമക്ഷേത്രം സന്ദർശിച്ച സംഘം നഗരത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം നേരിൽ മനസ്സിലാക്കി.
അയോധ്യയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ വന്ദന പാണ്ഡെയുമായി സംഘം ആശയവിനിമയം നടത്തി. നഗരത്തിന്റെ ഭരണസംവിധാനം, വികസന പ്രവർത്തനങ്ങൾ, തീർഥാടകരുടെ സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അവർ വിവരങ്ങൾ പങ്കുവച്ചു.
2020-21നുശേഷം അയോധ്യയുടെ അടിസ്ഥാന സൗകര്യങ്ങളിലും കണക്ടിവിറ്റിയിലും വലിയ മാറ്റമാണ് ഉണ്ടായതെന്ന് ശശാങ്ക് ത്രിപാഠി പറഞ്ഞു. നഗരത്തിന്റെ പൈതൃക സ്വഭാവം നിലനിർത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശ് ആവാസ് വികാസ് പരിഷത്തിന്റെ നേതൃത്വത്തിൽ 1,400 ഏക്കറിൽ 7,000 കോടി രൂപ ചെലവിൽ ഗ്രീൻഫീൽഡ് ടൗൺഷിപ്പ് വികസിപ്പിക്കുന്നുണ്ട്. പുതുതായി വികസിപ്പിച്ച അയോധ്യ ധാം, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവള കണക്റ്റിവിറ്റി എന്നിവയും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാന മാറ്റങ്ങളാണ്. പഞ്ച്കോസി, ചൗദ കോസി, ചൗരസി കോസി പരിക്രമ റൂട്ടുകളുടെ വികസനത്തിനും പ്രത്യേക പരിഗണന നൽകുന്നുണ്ട്. തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ഈ പാതകളുടെ ചരിത്ര-സാംസ്കാരിക പ്രാധാന്യം സംരക്ഷിക്കുകയുമാണ് ലക്ഷ്യം.
അയോധ്യയെ പ്രധാന വിനോദസഞ്ചാര-തീർഥാടന കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി മേഖലയിലും നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പുതിയ ഹോട്ടലുകളും ടൗൺഷിപ്പുകളും വികസിപ്പിക്കുന്നതിനൊപ്പം രാമകഥാ സംഗ്രഹാലയയുടെ പുനർവികസനവും ക്ഷേത്ര വാസ്തുവിദ്യാ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.
വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി സരയൂ നദിയിൽ തടയണ വികസിപ്പിക്കുന്നതടക്കമുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രാമക്ഷേത്രത്തിലെ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നും കഴിഞ്ഞ വർഷത്തേക്കാൾ പല ദിവസങ്ങളിലും പ്രതിദിന തീർഥാടകരുടെ എണ്ണം ഉയർന്നിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. അയോധ്യ, വാരണാസി, പ്രയാഗ്രാജ് എന്നിവയെ ഉൾപ്പെടുത്തി ഒരു തീർഥാടന സർക്യൂട്ട് വികസിപ്പിക്കാനുള്ള നിർദേശത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ ലക്ഷ്യമിട്ട് ഇത്തരം സർക്യൂട്ടുകൾ പ്രോത്സാഹിപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യ-പ്രയാഗ്രാജ്, അയോധ്യ-വാരണാസി എക്സ്പ്രസ് വേകൾ യാഥാർഥ്യമാകുന്നതോടെ മേഖലയിലെ റോഡ് കണക്റ്റിവിറ്റി കൂടുതൽ ശക്തമാകുമെന്നും യാത്രാസമയം ഗണ്യമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.







Comments