
തിരുവനന്തപുരം: സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർക്കെതിരെ കേസെടുക്കാൻ ഡിജിപിക്ക് ഇഡി നൽകിയ ശുപാർശയിൽ യുഡിഎഫ് നേതാക്കളുടെ പേര് പരാമർശിച്ചില്ല എന്നത് സിപിഎം ആയുധമാക്കുമ്പോൾ സർക്കാർ ആശയക്കുഴപ്പത്തിലാകുമോ? ഇത് കേസെടുക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്നോട്ടടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയവരുടെ പട്ടികയിൽ കെ കെ, എ ജി, ഒ സി, പി വി, ഐ കെ, ആര് സി എന്നിങ്ങനെ ചില ചുരുക്കപ്പേരുകള് ഉണ്ടായിരുന്നു. ഇത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മുന് മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ പേരിന്റെ ചുരുക്കെഴുത്തായിരുന്നു എന്ന് സിഎംആര്എല് കമ്പനിയിലെ സിഎഫ്ഒയായ കെ എസ് സുരേഷ് കുമാർ ഇഡിക്ക് മൊഴികൊടുത്തിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് നല്കിയ റിപ്പോര്ട്ടിൽ പിണറായി വിജയന്, വീണ ടി, മുന് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരടക്കം 12 പേരുകളാണ് ഉണ്ടായിരുന്നത്. യുഡിഎഫ് നേതാക്കളുടെ പേരുകള് പരാമര്ശിച്ചിരുന്നില്ല. എന്നാല് സിഎംആര്എല് കമ്പനിയില് നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള് വഹിച്ച ഘട്ടത്തില് പാര്ട്ടി ഫണ്ട് എന്ന നിലയിലാണ് പണം വാങ്ങിയതെന്നും എത്ര പണമാണ് വാങ്ങിയതെന്ന് ഓര്മയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.
ഇക്കാര്യം വാർത്താ സമ്മേളനത്തിൽ എടുത്തുപറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കേസിന്റെ ഫയലുകൾ ആഭ്യന്തര മന്ത്രാലയത്തിൽ ഇരിക്കുന്നത് വിരോധാഭാസമാണെന്നും പറഞ്ഞിരുന്നു. പണം വാങ്ങിയിട്ടുണ്ട് എന്ന് യുഡിഎഫ് നേതാക്കൾ സമ്മതിച്ചിട്ടുണ്ട് എന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, പാർട്ടി ഫണ്ട് സ്വീകരിക്കുന്നത് സ്വാഭാവികമാണെന്ന മട്ടിലായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണം.







Comments