
വാഷിംഗ്ടൺ: തൊഴിൽ നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ തുടരാൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപടി തുടങ്ങി. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ പുതിയ നിർദേശമനുസരിച്ചാണ് ഈ മാറ്റം. ഇത് നടപ്പിലായാൽ എച്ച്-1ബി വിസ ഉള്ളവർ ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടപ്പെടുന്ന മുറയ്ക്ക് അമേരിക്ക വിടേണ്ടി വരും.
തൊഴിൽ അടിസ്ഥാനത്തിലുള്ള വിസകളുടെ ഉദ്ദേശ്യം നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഈ മാറ്റത്തെ ന്യായീകരിക്കുന്നത്. സ്പോൺസർ ചെയ്യുന്ന തൊഴിൽ അവസാനിച്ചാൽ തൊഴിലാളികൾ രാജ്യം വിടണമെന്ന പഴയ രീതിയിലേക്ക് മടങ്ങാനാണ് ഈ നീക്കം. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ അമേരിക്കൻ പൗരന്മാർക്ക് അവസരം ലഭിക്കുമെന്നും ഭരണകൂടം കരുതുന്നു. പുതിയ തൊഴിലുടമ പുതിയ അപേക്ഷ സമർപ്പിച്ചാൽ തൊഴിലാളികൾക്ക് പിന്നീട് തിരികെ വരാൻ തടസ്സമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
എച്ച്-1ബി (H-1B) മാത്രമല്ല, മറ്റ് നിരവധി താൽക്കാലിക തൊഴിൽ വിസ വിഭാഗങ്ങളെയും ഈ നിയമം ബാധിക്കും. ഇ-1 (E-1), ഇ-2 (E-2), ഇ-3 (E-3), എച്ച്-1ബി1 ( H-1B1), എൽ1 (L-1), ഓ-1 (O-1), ടിഎൻ (TN) വിസ വിഭാഗങ്ങളിൽ പെട്ടവർക്കും അവരുടെ ആശ്രിതർക്കും ഈ പുതിയ മാറ്റം ബാധകമാകും. ഇന്ത്യയിലും ചൈനയിലും നിന്നുള്ള വിദഗ്ധ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന ഒന്നാണ് എച്ച്-1ബി വിസ പ്രോഗ്രാം. ഐ.ടി കമ്പനികൾക്കും കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഇത് വലിയ തിരിച്ചടിയാകും. പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താനോ രാജ്യം വിടാനുള്ള തയ്യാറെടുപ്പുകൾ നടത്താനോ ഇനി സമയം ലഭിക്കില്ല.
എന്നാൽ, ഈ തീരുമാനം ഉടൻ നിലവിൽ വരില്ല. ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്ന ഈ നിർദ്ദേശം രണ്ട് മാസത്തെ പബ്ലിക് കമന്റ് കാലയളവിന് ശേഷമേ അന്തിമ തീരുമാനത്തിലേക്ക് കടക്കുകയുള്ളൂ.







Comments