
ശ്രീനഗർ: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ തുടങ്ങിവച്ച വന്ദേമാതര വിവാദത്തിൽ ശക്തമായ മറുപടിയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. 'കൂടുതൽ കശ്മീരികളെ ജയിലിലടയ്ക്കാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്’ എന്ന് ചോദിച്ച അദ്ദേഹം ജമ്മു കശ്മീർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (IFFJK) ഉദ്ഘാടന ചടങ്ങിൽ ദേശീയഗാനമായ 'വന്ദേമാതരത്തിന്റെ' ആറ് ചരണങ്ങളും മുഴുവനായി ആലപിച്ചതിനെ ന്യായീകരിച്ചു.
"ഇതൊരു നിയമപരമായ ബാധ്യതയാണ്. രാജ്യത്തെ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കേണ്ടതുണ്ട്," മുഖ്യമന്ത്രി പറഞ്ഞു. മുഴുവൻ വരികൾ പാടുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയം പറഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "അവർക്ക് (കോൺഗ്രസ്) പാർലമെന്റിൽ വെച്ച് ഈ നിയമം തടയാമായിരുന്നു. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ - കോൺഗ്രസ് എത്രയും പെട്ടെന്ന് അധികാരത്തിൽ വരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു - അവർക്ക് പാർലമെന്റിൽ ഈ നിയമം റദ്ദാക്കാവുന്നതേയുള്ളൂ. അവരത് ചെയ്യട്ടെ, ഞങ്ങൾക്ക് അതിൽ യാതൊരു എതിർപ്പുമില്ല," ഒമർ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച നടന്ന ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചതിനെതിരെ നാഷണൽ കോൺഗ്രസ് നേതൃത്വത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു. "നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ജ്ഞാനത്തെയും വിധിയെയും മാനിക്കണമെന്നും," വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം പാടുന്ന കാര്യത്തിൽ 'ഇന്ത്യാ' മുന്നണിക്കൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപി കെസി വേണുഗോപാലാണ് ഈ വിവാദത്തിന് തുടക്കമിട്ടത്.







Comments