
അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള ഗുജറാത്തിലെ അഹമ്മദാബാദില് കഴിഞ്ഞവര്ഷം റിപ്പോര്ട്ട് ചെയ്തത് 289 ബലാത്സംഗകേസുകള്. ഗുജറാത്ത് നിയമസഭയിലെ കണക്കുകള് പ്രകാരം, ഒരു വര്ഷത്തിനിടെ അഹമ്മദാബാദിലും സൂറത്തിലുമായി 620 ബലാത്സംഗക്കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. ഇതിനുപുറമെ ആയിരക്കണക്കിന് മോഷണം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്, സൈബര് തട്ടിപ്പ് കേസ്സുകളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
2025 ഓഗസ്റ്റിനും 2026 ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലാണ് അഹമ്മദാബാദില് ആയിരക്കണക്കിന് ക്രിമിനല് കേസുകള് രജിസ്റ്റര് ചെയ്തതെന്ന് ഗുജറാത്ത് നിയമസഭാ ഡാറ്റ വ്യക്തമാക്കുന്നു. അങ്ക്ലാവ് എം.എല്.എ അമിത് ചാവ്ഡയുടെ ചോദ്യത്തിന് മറുപടിയായി ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹര്ഷ് സംഘവിയാണ് ഗുജറാത്ത് നിയമസഭയില് ഈ കണക്കുകള് അവതരിപ്പിച്ചത്. മോഷണം, കൊള്ള, ബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കല്, തട്ടിക്കൊണ്ടുപോകല്, പിടിച്ചുപറി, മദ്യനിരോധന നിയമലംഘനം, ചൂതാട്ടം, സൈബര് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കണക്കുകളാണ് ഇതില് ഉള്പ്പെടുത്തിയിരിക്കുന്നത്.
2025 ഓഗസ്റ്റ് 1 നും 2026 ജൂലൈ 31 നും ഇടയിലുള്ള ഒരു വര്ഷത്തിനിടയില് അഹമ്മദാബാദിലും സൂറത്തിലുമായി ആകെ 620 ബലാത്സംഗക്കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. അതായത് ഈ രണ്ട് നഗരങ്ങളിലും ദിവസേന ഏകദേശം രണ്ട് ബലാത്സംഗക്കേസുകള് വീതം രജിസ്റ്റര് ചെയ്യപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദില് 2,860 മോഷണകേസുകള്, 56 കൊള്ള, 289 ബലാത്സംഗം, 83 കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കലുമായി ബന്ധപ്പെട്ട 117 കേസുകള്, 225 തട്ടിക്കൊണ്ടുപോകല് കേസുകള്, 10 പിടിച്ചുപറി, മദ്യനിരോധന നിയമ ത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട 12,889 കേസുകള്, 1,495 ചൂതാട്ടകേസുകള്, 495 സൈബര് തട്ടിപ്പ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
സൂറത്തിലെ കണക്കുകളില് 1,275 മോഷണകേസുകളുണ്ട്. 331 ബലാത്സംഗ കേസുകള്, 54 കൊള്ളക്കേസുകള്, 115 കൊലപാതകക്കേസുകള്, സ്ത്രീത്വത്തെ അപമാനിക്കലില് 134 കേസുകള്, 297 തട്ടിക്കൊണ്ടുപോകല് കേസുകള്, 108 പിടിച്ചുപറി, മദ്യനിരോധന നിയമ ലംഘനത്തിന്റെ 8,556 കേസുകളും 1,137 ചൂതാട്ടം, 333 സൈബര് തട്ടിപ്പ് കേസുകള് എന്നിവയും ഇതിലുണ്ട്.
ജൂലൈ 31 വരെയുള്ള കണക്കുകള് പ്രകാരം 38,877 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, 725 പേരെക്കൂടി പിടികൂടാനുണ്ടെന്നും സര്ക്കാര് അറിയിച്ചു. ഒളിവില് കഴിയുന്നവരെ കണ്ടെത്താന് ബന്ധുക്കള്, സുഹൃത്തുക്കള്, മറ്റ് പരിചയക്കാര് എന്നിവരില് നിന്നുള്ള വിവരങ്ങളും സാങ്കേതിക നിരീക്ഷണവും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സൈബര് തട്ടിപ്പ് കേസുകളില് ബാങ്ക് കെ.വൈ.സി വിവരങ്ങള്, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്, ഇടപാട് രേഖകള്, മൊബൈല് എസ്.ഡി.ആര്, സി.ഡി.ആര് ഡാറ്റ, ഐ.പി വിലാസങ്ങള് എന്നിവ അന്വേഷണ ഉദ്യോഗസ്ഥര് പരിശോധിച്ചുവരുന്നു.
ഗുജറാത്തിന് പുറത്തുള്ളവരാണ് പ്രതികളെന്ന് കരുതുന്ന കേസുകളില് മറ്റ് സംസ്ഥാനങ്ങളിലെ നിയമപാലകരുമായി ചേര്ന്ന് പോലീസ് സംഘങ്ങള് പ്രവര്ത്തിക്കുന്നുണ്ട്. പ്രതികള് വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന കേസുകളില് ലുക്ക് ഔട്ട് സര്ക്കുലറുകളും പുറത്തിറക്കിയിട്ടുണ്ട്.
2025 ലെ നുംബിയോ ക്രൈം ഇന്ഡക്സില് 68.6 സുരക്ഷാ സ്കോറോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അഹമ്മദാബാദ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഈ കണക്കുകള് പുറത്തുവന്നിരിക്കുന്നത്. എന്നിരുന്നാലും, പോലീസില് രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ ഡാറ്റ അടിസ്ഥാനമാക്കിയല്ല, മറിച്ച് കുറ്റകൃത്യങ്ങളെയും സുരക്ഷയെയും കുറിച്ചുള്ള ജനങ്ങളുടെ പൊതുവായ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് നുംബിയോയുടെ ഈ റാങ്കിംഗ് തയ്യാറാക്കിയിട്ടുള്ളത്.
സൂറത്തുമായി താരതമ്യം ചെയ്യുമ്പോള് അഹമ്മദാബാദില് ബലാത്സംഗക്കേസുകള് കുറവാണെങ്കിലും, മോഷണം, മദ്യനിരോധന ലംഘനം, സൈബര് തട്ടിപ്പ് എന്നിവയുടെ കാര്യത്തില് അഹമ്മദാബാദിലാണ് കൂടുതല് കേസുകള് റിപ്പോര്ട്ട് ചെയ്തിട്ടുള്ളതെന്നും ഈ കണക്കുകള് വ്യക്തമാക്കുന്നു.







Comments