
ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് എന്ത് "പ്രകടമായ നേട്ടങ്ങളാണ്" ലഭിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ചോദിച്ചതിന് തൊട്ടുപിന്നാലെ, പാർട്ടി സഹപ്രവർത്തകനും എം.പിയുമായ ശശി തരൂർ രംഗത്ത്. ബ്രിക്സ് കൂട്ടായ്മ ഇന്ത്യയുടെ "നയതന്ത്ര സ്വാധീന ശക്തിയാണ്" കാണിക്കുന്നതെന്ന് തരൂർ വ്യക്തമാക്കി.
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കവെ, ആഗോള തെക്കിന്റെ സുപ്രധാന വേദിയാണ് ഈ കൂട്ടായ്മയെന്ന് തരൂർ വിശേഷിപ്പിച്ചു. "ഒന്നാമതായി, നാം ആഗോള തെക്കിന് ഒരു പ്രധാന വേദി നൽകുകയാണ്. ആഗോള തെക്കൻ രാജ്യങ്ങളിൽ 100-ലധികം രാജ്യങ്ങളുണ്ട്, എന്നാൽ ഇവിടെ ആഗോള തെക്കിലെ 11 പ്രമുഖ രാജ്യങ്ങളാണ് ഉള്ളത്. നിലവിൽ നമ്മൾ അധ്യക്ഷത വഹിക്കുന്ന ഈ കൂട്ടായ്മ ലോക ജനസംഖ്യയുടെ ഭൂരിഭാഗത്തെയും ആഗോള ജി.ഡി.പിയുടെ 41 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു," ബ്രിക്സിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് തരൂർ പറഞ്ഞു.
"ഇതൊരു ചെറിയ കാര്യമല്ല. ലോകത്തിന്റെ മറ്റ് ഭാഗങ്ങൾ വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് "അഭിമാനകരമായ കാര്യമാണെന്നും" ഈ പരിപാടിക്ക് വലിയ ആഗോള മൂല്യമുണ്ടെന്നും തരൂർ പറഞ്ഞു. "രണ്ടാമതായി, ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും സർക്കാർ തലവന്മാരും - ബ്രിക്സ് അംഗങ്ങൾ മാത്രമല്ല, നിരീക്ഷകരായി എത്തുന്ന പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും - ഇവിടെയെത്തുന്നത് നമുക്ക് വലിയ അഭിമാനകരമായ കാര്യമാണ്. ഇത് ആഗോളതലത്തിൽ തന്നെ വലിയ മൂല്യമുള്ള നമ്മുടെ നയതന്ത്ര സ്വാധീന ശക്തിയെയാണ് കാണിക്കുന്നത്."
തുടർന്ന് ഈ കൂട്ടായ്മ നേരിടുന്ന ചില വെല്ലുവിളികളെക്കുറിച്ചും തരൂർ സംസാരിച്ചു. മുൻ ഐക്യരാഷ്ട്രസഭാ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം, നിർണായകമായ ആഗോള വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ ഒരു സമവായത്തിലെത്താനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചു."എല്ലാ കാര്യങ്ങളും അനുകൂലമാണെന്നല്ല; വെല്ലുവിളികളും ഉണ്ട്, പ്രത്യേകിച്ചും ആഗോള വിഷയങ്ങളിൽ പൊതുവായ ഒരു പ്രമേയത്തിന്മേൽ കാഴ്ചപ്പാടുകൾ യോജിച്ചുപോകാനുള്ള ബുദ്ധിമുട്ട്."ഇറാൻ യുദ്ധം, റഷ്യ-ഉക്രെയ്ൻ സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ബ്രിക്സ് വിദേശകാര്യമന്ത്രിമാർക്ക് സംയുക്ത പ്രസ്താവനയിൽ എത്താൻ കഴിഞ്ഞിരുന്നില്ലെന്ന് തരൂർ ചൂണ്ടിക്കാണിച്ചു.
വിവിധ അംഗരാജ്യങ്ങൾക്കിടയിൽ കാഴ്ചപ്പാടുകൾ ഒരുപോലെയെത്തിക്കുക എന്നത് വെല്ലുവിളിയാണെന്നും, ഭാവിയിലും ഇത് ആവർത്തിച്ചാൽ ചിലർ അതിനെ തിരിച്ചടിയായി കണ്ടേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ വർഷം മെയ് മാസത്തിൽ ബ്രിക്സ് വിദേശകാര്യമന്ത്രിമാർ ന്യൂഡൽഹിയിൽ യോഗം ചേർന്നപ്പോൾ, യുദ്ധവുമായി ബന്ധപ്പെട്ട് യുഎഇയും ഇറാനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ സംയുക്ത പ്രഖ്യാപനത്തെ തടസ്സപ്പെടുത്തിയിരുന്നു. അന്ന് ഇന്ത്യയ്ക്ക് ബ്രിക്സിനുള്ളിലെ നയതന്ത്രപരമായ അന്തരം നികത്താനും രണ്ട് ദിവസം നീണ്ട യോഗത്തിന് ശേഷം സംയുക്ത പ്രസ്താവനയിറക്കാനും കഴിഞ്ഞിരുന്നില്ല. ഇതിനുപുറമെ, ബ്രിക്സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ആശങ്കാജനകമായ മറ്റൊരു കാര്യമാണെന്നും തരൂർ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ബുധനാഴ്ച മുൻ കേന്ദ്രമന്ത്രിയും തരൂരിന്റെ പാർട്ടി സഹപ്രവർത്തകനുമായ പി. ചിദംബരം, സമീപകാല ബ്രിക്സ് ഉച്ചകോടികളിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച "പ്രകടമായ നേട്ടങ്ങൾ" എന്തെല്ലാമാണെന്ന് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ യോഗങ്ങളിൽ നിന്ന് എടുത്തുപറയത്തക്ക യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സ്, ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ, ജി20, ക്വാഡ് ഉൾപ്പെടെയുള്ള വിവിധ കൂട്ടായ്മകളിൽ ഇന്ത്യ അംഗമാണെങ്കിലും, രാജ്യത്തിന് ഇതിലൂടെ കൃത്യമായി എന്താണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചിരുന്നു.
"എത്ര പ്രസിഡന്റുമാരും എത്ര പ്രധാനമന്ത്രിമാരാണ് വരുന്നതെന്ന് എനിക്കറിയില്ല. കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്സ് ഉച്ചകോടികൾ പ്രകടമായ നേട്ടങ്ങളോ ഫലങ്ങളോ ഉണ്ടാക്കിയതായി ഞാൻ കരുതുന്നില്ല," ചിദംബരം പറഞ്ഞു. എന്നാൽ, ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ കഴിയാത്ത "നാരാജ് ഫുഫ" (പിണങ്ങിനിൽക്കുന്ന അമ്മാവൻ) വിഭാഗത്തിൽപ്പെട്ടയാളാണ് ചിദംബരമെന്ന് പറഞ്ഞ് ബിജെപി അദ്ദേഹത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.







Comments