
ന്യൂഡൽഹി: ഡൽഹിയിലെ മാണ്ഡാവലിയിൽ സ്കൂളിന് സമീപം 22-കാരനെ രണ്ട് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. വാംശ് ദേധ എന്ന ഇരയുടെ ശരീരത്തിൽ 17 കുത്തുകൾ ഏറ്റിട്ടുണ്ട് എന്ന് മരണം സ്ഥിരീകരിച്ച ആശുപത്രിയധികൃതർ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
കരാവൽ നഗർ സ്വദേശിയായ 22-കാരൻ കേശവ് കുമാറും കൂട്ടാളിയും ചേർന്ന് വാംശ് ദേധയുമായി തർക്കമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തങ്ങളുടെ സഹോദരിയുമായി കൊല്ലപ്പെട്ട യുവാവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. ആക്രമണത്തെക്കുറിച്ചുള്ള പിസിആർ കോൾ രാത്രി 7:54 നാണ് പോലീസിന് ലഭിച്ചത്. തുടർന്ന് ജ്ഞാൻ വാതിക സ്കൂളിന് സമീപത്തെത്തിയ പോലീസ്, യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി.
ഇയാളെ മാക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവാവിന്റെ ശരീരത്തിൽ 17 കുത്തേറ്റു മുറിവുകൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി. തന്റെ സഹോദരിയുമായി വാംശ് ദേധയ്ക്ക് ബന്ധമുണ്ടെന്ന് കേശവ് കുമാർ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ സ്കൂളിന് സമീപം വെച്ച് വാംശിനെ ഓടിച്ചിട്ട് മൂർച്ചയുള്ള ആയുധം കൊണ്ട് തുടർച്ചയായി കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനിടയിൽ കേശവ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടാമത്തെ പ്രതിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അയാളെ പിടികൂടാനായുള്ള തിരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തിയും ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. കൂടാതെ പ്രതികൾ സഞ്ചരിച്ച മോട്ടോർസൈക്കിളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.







Comments