
പാലക്കാട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്കാണ് കത്ത് ലഭിച്ചത്. അടിയന്തരമായി കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കുമെന്നും തനിക്ക് ഒറ്റയ്ക്ക് തീരുമാനം പറയാൻ സാധിക്കില്ല എന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തി മുഖ്യമന്ത്രിയായിരിക്കും നിലപാട് അറിയിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി പൂര്ണമായി തള്ളണോ അതോ ഉപാധികളോടെ അനുവദിക്കണോ എന്നതൊക്കെ ആലോചിച്ചു തീരുമാനിക്കും. പിഎം ശ്രീയില് വ്യത്യസ്തമായ വീക്ഷണങ്ങളുണ്ട്. എന്നാല് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫില് പദ്ധതിയോട് എതിര്പ്പ് തന്നെയാണെന്നും ഷംസുദ്ദീന് പറഞ്ഞു. രഹസ്യമായി കരാറില് ഒപ്പിട്ട് ഞങ്ങള് തയ്യാറാണ് എന്ന് പറഞ്ഞത് കഴിഞ്ഞ സര്ക്കാരാണ്.
കേന്ദ്രത്തില് നിന്ന് കേരളത്തിന് അവകാശപ്പെട്ട 2000 കോടിയോളം രൂപ കിട്ടാനുണ്ടെന്നും ചൂണ്ടിക്കാണിച്ചു. എസ്എസ്കെ ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലാണെന്നും അത് തടഞ്ഞു വച്ചിരിക്കുകയാണ്. പിഎം ശ്രീയുടെ പേരില് കേരളത്തിന്റെ ഫണ്ട് തടഞ്ഞുവയ്ക്കരുത് എന്ന് കേന്ദ്രമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം പിഎം ശ്രീ വിഷയത്തിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും ഭിന്നത രൂക്ഷമായതോടെയാണ് സർക്കാറിന് അന്തിമ തീരുമാനമെടുക്കൽ കടുത്ത വെല്ലുവിളിയായി.







Comments