
ക്രിക്കറ്റ് ദൈവം, മാസ്റ്റർ ബ്ലാസ്റ്റർ, ഇന്ത്യന് ക്രിക്കറ്റിന്റെ ഇതിഹാസം... എന്നിങ്ങനെ വിളിപ്പേരുകള് അനവധിയുള്ള കായികലോകത്തെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് സച്ചിന് ടെണ്ടുല്ക്കര്. കായികലോകത്തു നിന്ന് വിരമിച്ചെങ്കിലും അന്നുമിന്നും ബാറ്റിങ്ങിന്റെ പെരുന്തച്ചന് തന്നെയാണ് സച്ചിന്. തന്റെ 24 വർഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 34,357 റൺസും 100 സെഞ്ചുറികളും നേടിയ കളിക്കളത്തിലെ ഇതിഹാസതാരത്തിന്റെ പ്രകടനത്തിന് പിന്നിൽ വലിയ രീതിയിലുള്ള തയാറെടുപ്പുകൾ ഉണ്ടായിരുന്നു.
തന്റെ ക്രിക്കറ്റ്കളി ഉപകരണങ്ങളോടും പ്രത്യേകം തയാറാക്കിയ ഭാരമേറിയ ബാറ്റുകളോടും സച്ചിനുണ്ടായിരുന്ന അപാരമായ ശ്രദ്ധയും അർപ്പണബോധവും അക്കൂട്ടത്തില് എടുത്തു പറയേണ്ട ഒന്നാണ്. സ്വര്ണ്ണലിപികളിലെഴുതിയ പല റെക്കോര്ഡുകളും സച്ചിന് നേടിയെടുത്തത് തന്റെ സ്പെഷ്യല് ബാറ്റിലൂടെയാണ്. ക്രിക്കറ്റ് ചരിത്രത്തില്ത്തന്നെ ഈ ബാറ്റിന് സവിശേഷമായ സ്ഥാനമുണ്ട്.
ഇപ്പോഴിതാ ബാറ്റ് തനിക്ക് ഒരു ഉപകരണം മാത്രമായിരുന്നില്ലെന്ന് പറയുകയാണ് സച്ചിന് ടെന്ഡുല്ക്കര്. ബാറ്റ് കൈയിലെടുക്കുന്ന നിമിഷം മുതല് തനിക്കുണ്ടാകുന്ന അനുഭൂതി വാക്കുകളില് നിര്വചിക്കാന് കഴിയുന്നില്ലെന്നാണ് ഫെയ്സ്ബുക്കില് സച്ചിന് കുറിച്ചത്.
‘‘എന്നെ സംബന്ധിച്ചിടത്തോളം ബാറ്റ് എന്നത് വെറുമൊരു കായിക ഉപകരണം മാത്രമായിരുന്നില്ല.
കൈയ്യിൽ പിടിക്കുമ്പോൾ അത് എങ്ങനെയൊക്കെ അനുഭവപ്പെടണം എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു...അത് ഉപയോഗിക്കുമ്പോള് മനസിലുണ്ടാകുന്ന ഫീല് അതിന്റെ സൂക്ഷ്മ തലത്തില്ത്തന്നെ ഞാന് അനുഭവിച്ചറിഞ്ഞിരുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ള ഓരോ ചെറിയ കാര്യവും വരെ എന്റെ മനസ്സിലുണ്ടായിരുന്നു.
പലപ്പോഴും ഞാൻ എന്റെ കാര്പ്പെന്ററി കിറ്റ് ഉപയോഗിച്ച് സ്വന്തമായിത്തന്നെ അതിൽ മാറ്റങ്ങൾ വരുത്തുമായിരുന്നു. എനിക്ക് തൃപ്തികരമായ പാകം വരുന്നത് വരെ അതിനെ ചെത്തിമിനുക്കുകയും ക്രമീകരിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാവാം, ആ കൊച്ചു കൊച്ചു നിമിഷങ്ങളെ ഞാൻ ഇത്രയേറെ മൂല്യത്തോടെ ഓർക്കുന്നത്. അവ യഥാർത്ഥത്തിൽ ബാറ്റിനെക്കുറിച്ച് മാത്രമുള്ളതായിരുന്നില്ല, മറിച്ച് അതിനെ പൂർണ്ണമായും എന്റേത് മാത്രമാക്കി മാറ്റിയെടുക്കുന്നതിനെക്കുറിച്ചുള്ളതായിരുന്നു....’’ എന്നാണ് സച്ചിന് സോഷ്യല് മീഡിയയില് കുറിച്ചത്. കാര്പ്പെന്ററി ഉപകരണങ്ങള് വച്ച് ബാറ്റില് സ്വയം മിനുക്കുപണികള് നടത്തുന്ന പഴയ ചിത്രം പങ്കുവച്ചാണ് സച്ചിന്റെ കുറിപ്പ്. ഇന്നും പലര്ക്കും ഭേദിക്കാന് കഴിയാത്ത പല ക്രിക്കറ്റ് റെക്കോര്ഡുകളും നേടാന് സച്ചിനെ സഹായിച്ചത് ഭാരം കൂടിയ ആ ബാറ്റ് തന്നെയാണ്.
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും ഭാരമേറിയ ബാറ്റ് ഉപയോഗിച്ചിരുന്ന താരങ്ങളിൽ ഒരാളാണ് സച്ചിൻ. സാധാരണ 1.1 മുതൽ 1.2 കിലോ വരെയുള്ള ബാറ്റുകളാണ് ഉപയോഗിക്കുന്നയിടത്ത് സച്ചിന്റെ ബാറ്റിന് ഏകദേശം 1.35 മുതൽ 1.47 കിലോ വരെ ഭാരമുണ്ടായിരുന്നു. സച്ചിന് പിച്ചവച്ചുതുടങ്ങിയത് തന്നെ ക്രിക്കറ്റിനൊപ്പമായിരുന്നു. അക്കാലത്ത് ചെറിയ ബാറ്റ് ഇല്ലാതിരുന്നതിനാൽ ജ്യേഷ്ഠൻ അജിത് തെണ്ടുൽക്കർ നൽകിയ വലിയ, ഭാരമുള്ള ബാറ്റ് വെച്ചാണ് സച്ചിൻ പരിശീലനം തുടങ്ങിയത്. പിന്നീട് കരിയറിലുടനീളം ആ ഭാരം സച്ചിന്റെ ശൈലിയുടെ ഭാഗമായി മാറി.
സച്ചിന്റെ ബാറ്റിന്റെ അടിഭാഗം വളരെ കട്ടിയുള്ളതായിരുന്നു. പന്ത് കൊള്ളുമ്പോൾ ഏറ്റവും കൂടുതൽ ശക്തി ലഭിക്കുന്ന ബാറ്റിന്റെ ‘സ്വീറ്റ് സ്പോട്ട്’ താഴെയായതിനാൽ, സച്ചിന്റെ ട്രേഡ്മാർക്ക് ഷോട്ടുകളായ സ്ട്രെയിറ്റ് ഡ്രൈവ്, ഓൺ ഡ്രൈവ്, ഫ്ലിക്ക് എന്നിവ കളിക്കാൻ ഇത് അപാരമായ പവർ നൽകിയിരുന്നു.
കമ്പനികൾ നൽകുന്ന ബാറ്റ് അതേപടി ബാറ്റ് ഉപയോഗിക്കുന്നതിനു പകരം ഒരു ചെറിയ കാര്പ്പെന്ററി കിറ്റ് സച്ചിൻ എപ്പോഴും കയ്യിൽ കരുതുമായിരുന്നു. ബാറ്റിന്റെ ആകൃതി, ബാലൻസ്, വശങ്ങൾ, ഗ്രിപ്പിന്റെ കട്ടി എന്നിവ തനിക്ക് തൃപ്തിയാകുന്നതുവരെ സ്വയം ചെത്തിമിനുക്കി പാകപ്പെടുത്തിയാണ് താരം കളത്തിലിറങ്ങിയിരുന്നത്. സച്ചിൻ മുഴുവന് തടിയും അതേപടി വച്ചുള്ള പരമ്പരാഗത ബാറ്റ് തന്നെയാണ് ഇഷ്ടപ്പെട്ടത്. 150 കി.മീ വേഗത്തിൽ വരുന്ന പന്തുകളെ നേരിടുമ്പോഴും ഇത് സച്ചിന്റെ ബാറ്റിന് മികച്ച സ്ഥിരത നൽകി.
കരിയറിന്റെ മധ്യത്തിൽ കഠിനമായ ടെന്നീസ് എൽബോ വന്നപ്പോൾ ഭാരം കുറഞ്ഞ ബാറ്റ് ഉപയോഗിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ബാറ്റിന്റെ ഭാരം സാരമായി കുറച്ചാൽ തന്റെ ടൈമിംഗും മസിൽ മെമ്മറിയും നഷ്ടപ്പെടുമെന്ന് സച്ചിൻ കരുതി. അതുകൊണ്ട് വളരെ ചെറിയ അളവിൽ മാത്രമാണ് ഭാരം കുറച്ചത്. പകരം ബാറ്റിന്റെ ബാലൻസിൽ മാറ്റങ്ങൾ വരുത്തി താരം പരിക്കിനെ അതിജീവിച്ചു.







Comments