
ന്യൂഡൽഹി: വന്ധ്യതാ ചികിത്സയ്ക്കായി രജൗരി ഗാർഡനിലെ ആർജി ആശുപത്രിയിലെത്തിയ 26 കാരനായ യുവാവിന് ഗർഭപാത്രവും ഫലോപ്യൻ നാളത്തിന് സമാനമായ ഘടനകളും ഉള്ളതായി കണ്ടെത്തി. പ്രായപൂർത്തിയാകുന്നതുവരെ രോഗനിർണയം നടത്താൻ സാധിക്കാത്ത വിധം അപൂർവ്വമായി കാണപ്പെടുന്ന ജന്മനാ ഉള്ള ഒരു അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രാഥമിക വന്ധ്യതയ്ക്കുള്ള ചികിത്സ തേടിയെത്തിയ യുവാവിന് ബീജമില്ലാത്ത അവസ്ഥയായ അസോസ്പെർമിയ ഉള്ളതായി കണ്ടെത്തി. കൂടാതെ അദ്ദേഹത്തിന്റെ രണ്ട് വൃഷണങ്ങളും ഇറങ്ങിവരാത്ത അവസ്ഥയിലായിരുന്നു. ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇമേജിംഗ് പരിശോധനകളും ജനിതക പരിശോധനകളും ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് ജനിതകപരമായ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്.
പെൽവിസ് ഭാഗത്ത് ഗർഭപാത്രത്തിന് സമാനമായ ഘടനയും ഫലോപ്യൻ നാളങ്ങളെ ഓർമ്മിപ്പിക്കുന്ന ഭാഗങ്ങളും എംആർഐ സ്കാനിൽ തെളിഞ്ഞു. തുടർന്ന് നടത്തിയ ജനിതക പരിശോധനയിൽ 46,എക്സ് വൈ ക്രോമസോം പാറ്റേൺ സ്ഥിരീകരിച്ചു. സാധാരണ പുരുഷന്മാരിലെപ്പോലെയുള്ള ക്രോമസോമുകളും ശാരീരിക വളർച്ചയുമുളളവരിൽ മുള്ളേറിയൻ നാളങ്ങൾ അതായത് ഗർഭപാത്രവും ഫലോപ്യൻ നാളങ്ങളും നിലനിൽക്കുന്ന അപൂർവ്വമായ ജന്മനാ ഉള്ള അവസ്ഥയായ 'പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്റ്റ് സിൻഡ്രോം' ആണ് ഡോക്ടർമാർ സംശയിച്ചത്.
ലാപ്രോസ്കോപ്പിക് പരിശോധനയിൽ ചെറിയ, വളർച്ചയെത്താത്ത ഗർഭപാത്രവും രണ്ട് വൃഷണങ്ങളുമായി ബന്ധപ്പെട്ട ട്യൂബുലാർ മുള്ളേറിയൻ ഘടനകളും കണ്ടെത്തി. വൃഷണങ്ങൾ രണ്ടും അടിവയറിനുള്ളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അവ ഗുരുതരമായി തകർന്ന നിലയിലും ചുരുങ്ങിയ അവസ്ഥയിലുമായിരുന്നു.
പ്രായവും ദീർഘകാലമായി അടിവയറ്റിൽ തങ്ങിനിന്ന വൃഷണങ്ങളും, അവയിലുണ്ടായ ഗുരുതരമായ കേടുപാടുകളും, വൃഷണ ക്യാൻസറിനുള്ള സാധ്യത വർദ്ധിച്ചതും കണക്കിലെടുത്ത് ഡോക്ടർമാർ ലാപ്രോസ്കോപ്പിക് സർജറിയിലൂടെ മുള്ളേറിയൻ ഘടനകളും രണ്ട് വൃഷണങ്ങളും നീക്കം ചെയ്തു. രാജൗരി ഗാർഡനിലെ ആർ.ജി. ആശുപത്രിയിലെ ചീഫ് യൂറോളജിസ്റ്റ് ഡോ. സുശീൽ ഖർബന്ദയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഇറങ്ങിവരാത്ത വൃഷണങ്ങൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന നിഗമനത്തോടെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. നീക്കം ചെയ്ത ടിഷ്യൂകളുടെ മൈക്രോസ്കോപ്പിക് പരിശോധനയിലാണ് ഏറ്റവും നിർണായകമായ കണ്ടെത്തൽ ഉണ്ടായത്. രണ്ട് വൃഷണങ്ങളും കഠിനമായി ചുരുങ്ങിയിട്ടുണ്ടായിരുന്നു. ഇതിൽ ഇടത്തെ വൃഷണത്തിൽ വൃഷണ കാൻസറായി മാറാൻ സാധ്യതയുള്ള 'ജെം സെൽ നിയോപ്ലാസിയ ഇൻ സിറ്റു' എന്ന പ്രീ-കാൻസർ ഘട്ടം കണ്ടെത്തി.







Comments