
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ 18-മത് ബ്രിക്സ് ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തിയിരിക്കുന്നത് അതീവ സുരക്ഷാ സവിശേഷതകളുള്ള സ്വന്തം കസ്റ്റമൈസ്ഡ് ഓറസ് സെനറ്റ് ലിമോസിൻ കാറുമായാണ്. റഷ്യയുടെ 'കോർട്ടെഷ്' പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ കവചിത വാഹനത്തിന് മികച്ച പ്രകടന ശേഷിയും അത്യാധുനിക സംരക്ഷണ സംവിധാനങ്ങളുമുണ്ട്. മറ്റ് ലോക നേതാക്കളെപ്പോലെ വിദേശയാത്രകളിൽ പ്രാദേശിക വാഹനങ്ങളെ ആശ്രയിക്കുന്നതിന് പകരം പുട്ടിൻ തന്റെ സ്വന്തം വാറന്റി കാറാണ് യാത്രകൾക്കായി ഉപയോഗിക്കുന്നത്.
ലോകത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ളതും കനത്ത സുരക്ഷയുമുള്ള വാഹനങ്ങളിലൊന്നായാണ് ഓറസ് സെനാറ്റ് കണക്കാക്കപ്പെടുന്നത്. റഷ്യൻ സ്റ്റേറ്റ് റിസർച്ച് ബോഡിയായ നാമി (NAMI), സോലേഴ്സ് ജെ.എസ്.സി (Sollers JSC), യു.എ.ഇയുടെ തവാസുൻ ഹോൾഡിംഗ് (Tawazun Holding) എന്നിവയുടെ സംയുക്ത സംരംഭമായ ഓറസ് മോട്ടോഴ്സാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. റഷ്യൻ സർക്കാരിന്റെ ആഭ്യന്തര ആഡംബര-കവചിത വാഹന നിർമ്മാണ പദ്ധതിയായ 'കോർട്ടെഷ്' പദ്ധതിയുടെ കീഴിൽ 2018-ലാണ് ഈ ലിമോസിൻ പുറത്തിറക്കിയത്. പുട്ടിനായി നിർമ്മിച്ച വാഹനം കനത്ത സുരക്ഷയോടുകൂടിയതാണെങ്കിലും, ഓറസ് ഇതിന്റെ സാധാരണ സിവിലിയൻ പതിപ്പും വിപണിയിൽ വിൽക്കുന്നുണ്ട്. പ്രതിവർഷം 120 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഇതിന്റെ വില ഏകദേശം 18 ദശലക്ഷം റൂബിളാണ് (ഏകദേശം 2.5 കോടി രൂപ).
ഹൈബ്രിഡ് സിസ്റ്റത്തോടുകൂടിയ 4.4 ലിറ്റർ ട്വിൻ-ടർബോ വി8 എഞ്ചനാണ് സെനറ്റിന്റെ കരുത്ത്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് ഏകദേശം 598 ഹോസ്പവർ കരുത്തും 880 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. വലിപ്പക്കൂടുതലുണ്ടെങ്കിലും മണിക്കൂറിൽ ഏകദേശം 160 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിനാകും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 9 സെക്കൻഡുകൾ മാത്രം മതി. ഈ കാറിന് 5,630 മില്ലിമീറ്റർ നീളവും 2,000 മില്ലിമീറ്റർ വീതിയുമുണ്ട്. ഇതിന്റെ വീൽബേസ് 3,300 മില്ലിമീറ്ററാണ്.
പ്രസിഡന്റിന്റെ യാത്രകൾക്കായി ഉയർന്ന തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സെനറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളും സ്ഫോടനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. ആക്ടീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ, അത്യാധുനിക ബ്രേക്കിംഗ് സിസ്റ്റങ്ങൾ എന്നിവ ഇതിനെ കൂടുതൽ സുരക്ഷിതമാക്കുന്നു. പ്രീമിയം ലെതർ, വുഡ് ട്രിം എന്നിവയോടെയുള്ള ആഡംബര കാബിനും ആധുനിക ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങളും ഇതിന്റെ അകത്തളത്തെ മനോഹരമാക്കുന്നു. ഏത് തീവ്ര കാലാവസ്ഥയിലും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കാൻ പാകത്തിലാണ് ഇവയെല്ലാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുടിന്റെ സെനറ്റ് “ചലിക്കുന്ന ബങ്കർ’ എന്നാണ് അറിയപ്പെടുന്നത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകൾ, രാസായുയുധ ആക്രമണങ്ങൾ മൈനുകൾ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി സെനറ്റിനുണ്ട്. ടയറിൽ കാറ്റില്ലാത്ത അവസ്ഥയിലും പ്രവർത്തിക്കാനുള്ള കഴിവുണ്ട്. ആശയവിനിമയ സംവിധാനങ്ങൾ ശത്രുക്കൾക്ക് ഹാക്ക് ചെയ്യാൻ സാധിക്കാത്ത വിധം എൻക്രിപ്റ്റഡ് ആണ്. എന്തിനേറെ അടിയന്തര സാഹചര്യത്തിൽ ഓക്സിജനും ഈ ചലിക്കുമ്മ പ്രതിരോധ കോട്ടയിൽ ലഭ്യമാണ്.







Comments