
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായ 'ബെത്ലഹേം കുടുംബയൂണറ്റ്' മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇതിനോടകം 300 കോടിയിലധികം രൂപ വാരിക്കൂട്ടിയ ചിത്രം നിവിൻ പോളിയുടെ കരിയറിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറി.
ഈ തിളക്കമാർന്ന വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ അജു വർഗീസ് . വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ വിജയം തിരിച്ചുപിടിച്ചതിന് നിവിൻ പോളിക്ക് താരം ഇൻസ്റ്റഗ്രാമിലൂടെ അഭിനന്ദനങ്ങൾ നേർന്നു. മുൻപ് 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുടെ ചിത്രീകരണവേളയിൽ വിനീത് ശ്രീനിവാസൻ പറഞ്ഞ ചില വാക്കുകളും അജു ഈ കുറിപ്പിൽ ഓർത്തെടുത്തിട്ടുണ്ട്. ആ സിനിമയുടെ ചിത്രത്തോടൊപ്പമാണ് അജു വർഗീസ് ഈ അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ ഒന്ന്, കഷ്ടപ്പാടുകളും ഉയർച്ചതാഴ്ചകളും അതിരൂക്ഷമായ വിമർശനങ്ങളും നിറഞ്ഞ നാളുകളിൽ പുഞ്ചിരിയോടെ നേരിട്ട്, ഒടുവിൽ ക്ഷമയോടെ വീണ്ടെടുത്തതിന് അഭിനന്ദനങ്ങൾ. നീ ശരിക്കും ഒരു പ്രചോദനമാണ്! ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് നീങ്ങട്ടെ. നിതിൻ മോളിവുഡ്' എന്ന് എഴുതിയ പ്ലക്കാർഡ് വെക്കുന്ന സീൻ വിവരിച്ച ശേഷം വിനീത് എന്നോട് പറഞ്ഞിരുന്നു, ഇത് വൈകാതെ തന്നെ യഥാർത്ഥ ജീവിതത്തിലും സംഭവിക്കുമെന്ന്. ആ നിമിഷത്തെ ഓർമ്മിപ്പിക്കാനാണ് ഈ ചിത്രം', അജു വർഗീസ് കുറിച്ചു.
നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിന്റെ 'ബെത്ലഹേം കുടുംബ യൂണിറ്റ് ഭാവനാ സ്റ്റുഡിയോസിൻറെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുളളത്.







Comments