
പാരിസ്: ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജിയാനി ഇൻഫാന്റിനോയ്ക്ക് തിരിച്ചടി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയെ പിന്തുണയ്ക്കില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഫ്രാൻസിന്റെ നിലപാട് മാറിയതോടെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയിലും ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ ദുർബലമാകുകയാണ്.
ഇൻഫാന്റിനോയുടെ സമീപകാല തീരുമാനങ്ങൾ ഫുട്ബോളിന്റെ പ്രതിച്ഛായയെയും ഐക്യത്തെയും ബാധിച്ചെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയാല്ലോ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്. ജൂൺ അവസാനത്തോടെ ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഉണ്ടായ സംഭവവികാസങ്ങൾ വിശ്വാസ്യത തകർത്തുവെന്ന് ഡിയാല്ലോ പറഞ്ഞു.
ലോകകപ്പിൽ അമേരിക്കൻ താരം ഫോളാരിൻ ബലോഗന് ഏർപ്പെടുത്തിയ വിലക്ക് അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഫിഫ പിൻവലിച്ചത് വിവാദമായിരുന്നു. ലോകകപ്പിലെ നിക്ഷേപ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ജൂലൈയിൽ ഇൻഫാന്റിനോ മുന്നോട്ടുവച്ച സ്വകാര്യവത്കരണ പദ്ധതിയും പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കേണ്ടിവന്നു.ഏകപക്ഷീയവും സുതാര്യതയില്ലാത്തതുമായ ഇത്തരം തീരുമാനങ്ങൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുവെന്നാണ് ഫ്രാൻസിന്റെ നിലപാട്.







Comments