
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഈട, ചോല, തുറമുഖം, നായാട്ട്, മാലിക് എന്നീ ചിത്രങ്ങളിലടക്കം കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങള് അവതരിപ്പിച്ചാണ് നിമിഷ ശ്രദ്ധിക്കപ്പെട്ടത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരമടക്കം നേടിയ താരം ക്യാരക്ടര് റോളുകളിലാണ് കൂടുതല് തിളങ്ങി നില്ക്കുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലും തന്റേതായ ഇടം നേടിയെടുത്ത താരം ‘ബബിത സിംഗ് റിപ്പോർട്ടിംഗ്’ എന്ന സിനിമയിലൂടെ ബോളിവുഡിലും തിളങ്ങാനൊരുങ്ങുകയാണ്.
ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ബബിത സിംഗ് അഥവാ ‘ബേബി’ എന്ന പോലീസ് ഉദ്യോഗസ്ഥയെയാണ് നിമിഷ അവതരിപ്പിച്ചിരിക്കുന്നത്. അംബിക പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ഇന്വെസ്റ്റിഗേറ്റീവ് ക്രൈം ഡ്രാമയായ ഈ ചിത്രത്തിലെ കഥാപാത്രത്തിനായി നിമിഷ 58 കിലോയിൽ നിന്ന് 72 കിലോയാണ് ഭാരം കൂട്ടിയത്. കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി ഏതുതരം ശാരീരിക മാറ്റങ്ങള്ക്കും തയ്യാറാകുന്ന നിമിഷ സജയൻ ശാരീരികവും വൈകാരികവുമായ തയ്യാറെടുപ്പുകൾ ആവശ്യമുള്ള വെല്ലുവിളി നിറഞ്ഞ വേഷങ്ങളാണ് പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്.
ഇപ്പോഴിതാ ഭാരം വര്ധിപ്പിക്കാനായി താൻ കഴിച്ച വിഭവങ്ങളുടെ ചിത്രങ്ങളടക്കം പങ്കിട്ട് തന്റെ ശ്രമകരമായ യാത്രയെ എങ്ങനെ സമീപിച്ചുവെന്ന് കുറിക്കുകയാണ് നിമിഷ സജയന്. വസ്ത്രധാരണത്തിലും ശരീരത്തിലും വന്ന മാറ്റങ്ങളുടെ ചിത്രങ്ങള്ക്കൊപ്പം താൻ കഴിച്ച ഭക്ഷണങ്ങളുടെ ചിത്രങ്ങളും താരം ഉള്പ്പെടുത്തിയിട്ടുണ്ട്. ‘‘നിമിഷയില് നിന്ന് ബേബിയിലേക്കുള്ള യാത്ര...’’ എന്ന ക്യാപ്ഷന് നല്കിയാണ് നിമിഷയുടെ കുറിപ്പ് തുടങ്ങുന്നത്.
‘‘നിമിഷയിൽ നിന്ന് ‘ബേബി’യിലേക്കുള്ള ഒരു യാത്ര. ഡോ. സിദ്ധാന്ത് ഭാർഗവ, ഷെഫ് കരൺ ഥാപ്പർ, ഷെഫ് സെയ്ഫ് സൈഫി - ഈ യാത്ര എളുപ്പമാക്കിയതിനും ഉടനീളം എനിക്കൊപ്പം നിന്നതിനും നന്ദി. ശരീരഭാരം കൂട്ടുക എന്നത് തീർത്തും എളുപ്പമുള്ള കാര്യമായിരുന്നില്ല, പക്ഷേ നിങ്ങൾ അത് വളരെ ലളിതവും കൈകാര്യം ചെയ്യാവുന്നതുമാക്കി മാറ്റി.
‘എങ്ങനെയാണ് ഭാരം കൂട്ടുക?’ എന്ന ചോദ്യത്തിൽ തുടങ്ങി ‘അവസാനം നമ്മൾ അത് സാധ്യമാക്കി...’ എന്ന അവസ്ഥയിലേക്കുള്ള മനോഹരമായ ഒരു യാത്രയായിരുന്നു ഇത്. ‘ഇനി എനിക്ക് ഇത് തുടരാനാവില്ല’ എന്ന് പറഞ്ഞ് കരൺ ഥാപ്പറെ വിളിച്ചിരുന്ന ദിവസങ്ങളുണ്ടായിരുന്നു; അപ്പോഴെല്ലാം ‘നമുക്ക് ഒരുമിച്ച് ഇത് ചെയ്യാം’ എന്ന് നിങ്ങൾ പറയുമായിരുന്നു. ആ വാക്കുകളാണ് എനിക്ക് മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകിയത്.
ഡോ. സിദ്ധാന്ത് ഭാർഗവ, ദിവസവും എന്റെ ആരോഗ്യവും ഭക്ഷണക്രമവും നിരീക്ഷിക്കുന്നത് മുതൽ ‘നിമിഷ, എനിക്ക് നിന്നെക്കുറിച്ച് അഭിമാനമുണ്ട്...’ എന്ന് വിളിച്ച് പറയുന്നതുവരെ - എപ്പോഴും ഒരു വിളിപ്പാടകലെ നിങ്ങൾ ഉണ്ടായിരുന്നു. എന്നെ നന്നായി നോക്കിയതിനും ഞാൻ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കിയതിനും നന്ദി.
സൈഫു, നീ കേമനാണ്...എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് മുതൽ, ‘നിങ്ങൾ സന്തോഷവതിയാണോ? നാളെ എന്താണ് കഴിക്കുക?’ എന്ന് നിരന്തരം വിളിച്ച് അന്വേഷിക്കുന്നത് വരെ - ചെയ്യുന്ന കാര്യങ്ങളിലെല്ലാം നീ വലിയൊരു സ്നേഹം നിറച്ചിരുന്നു. നിന്റെ കൈകൾക്ക് അത്ഭുതകരമായ കഴിവുണ്ട്. ഈ യാത്രയിലുടനീളം നല്ല ഭക്ഷണം നൽകിയും സന്തോഷവതിയാക്കിയും എന്നെ നന്നായി പരിപാലിച്ചതിന് നന്ദി.
അതുപോലെ, ‘ഫിലിം സ്ക്വാഡ് പ്രൊഡക്ഷൻസി’ലെ മുഴുവൻ ടീമിനും നന്ദി; ഒരു പാറപോലെ ഉറച്ചുനിന്ന് ഈ യാത്രയിലുടനീളം എനിക്ക് പിന്തുണ നൽകിയതിന്....’’ എന്ന് കുറിച്ചാണ് തന്റെ വെയിറ്റ് ഗെയിന് യാത്ര നിമിഷ സജയന് ചിത്രങ്ങള് സഹിതം പങ്കിട്ടിരിക്കുന്നത്.
സാൻഡ്വിച്ച്, എഗ്ഗ് ബുർജി, ടോസ്റ്റ് ചെയ്ത ബ്രെഡ്, ചട്ണികള്, പോഹ, കടല, പുഴുങ്ങിയ മുട്ട, ബ്രൊക്കോളി, പാൻകേക്കുകള്, വാഫിള്സ്, ഹൈ-പ്രോട്ടീൻ ബൗളുകള്, പേസ്ട്രികള്, ചോക്ലേറ്റ് ചിപ്സ്, ചോക്ലേറ്റ് സിറപ്പ്, യോഗർട്ട്, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയ വിഭവങ്ങളായിരുന്നു നിമിഷയുടെ ഭക്ഷണക്രമത്തില് പ്രധാനമായും ഉണ്ടായിരുന്നത്. ഒപ്പം ഇലക്കറികള്, സവാള, തക്കാളി, മുളക് എന്നിവ നിറഞ്ഞ ഹൈ-പ്രോട്ടീൻ ബൗളുകളും നിമിഷ സജയന്റെ ഡയറ്റിന്റെ ഭാഗമായിരുന്നു. ഒരു ബൗളില് മസാല ചേർത്ത ടോഫു അല്ലെങ്കില് പനീർ കഷ്ണങ്ങള്, ചോക്ലേറ്റ് ചിപ്പ് - വാള്നട്ട് കുക്കികള്, ഓറഞ്ച് ജ്യൂസ്, തൈര്, നട്സ്, ഗ്രാനോള ബാറുകള് എന്നിവയും താരം കഴിച്ചിരുന്നു. അംബിക പണ്ഡിറ്റ് സംവിധാനം ചെയ്ത് അമിത വ്യാസ് തിരക്കഥയെഴുതിയ 'ബബിതാ സിങ് റിപ്പോർട്ടിങ്' ആമസോണ് പ്രൈം വീഡിയോയില് ലഭ്യമാണ്.
ഈ കഥാപാത്രത്തിനായി 58 കിലോയില് നിന്ന് 72 കിലോയിലേക്കാണ് നിമിഷ തന്റെ ഭാരം കൂട്ടിയത്. തുടക്കത്തില് ദിവസം 1,200 കലോറി ഭക്ഷണം കഴിച്ചിരുന്ന താരം, ഭാരം കൂട്ടുന്നതിനായി അത് ദിവസം 8,000 കലോറി വരെയായി ഉയർത്തുകയായിരുന്നു. ഇത്രയധികം ഭക്ഷണം കഴിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നുവെന്ന് താരം ഒരു അഭിമുഖത്തില് പറഞ്ഞിരുന്നു.







Comments