
മലയാളസിനിമയിലെ സജീവസാന്നിധ്യമായി മാറിയിരിക്കുന്ന താരമാണ് നന്ദു. സിനിമയിലെത്തിയിട്ട് മൂന്നു പതിറ്റാണ്ടുകള് പൂര്ത്തിയാക്കിയ താരം തുടക്കത്തില് കോളജ്കുമാരന്റെ വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്ക്ക് മുന്നിലെത്തിയത്. വളരെ പതുക്കെയാണ് സ്വഭാവ നടനിലേക്ക് താരം പരിണമിച്ചത്. എന്നാല് ആ മാറ്റം പ്രേക്ഷകര് ഇരുകൈയും നീട്ടി സ്വീകരിച്ചു.
അഭിനയിക്കുന്ന ചെറിയ വേഷങ്ങളിൽ പോലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന നടനായി നന്ദു മാറിക്കഴിഞ്ഞു. താരത്തിന് ഏറെ കൈയടിയും പ്രശംസയും ലഭിച്ച ഒരു കഥാപാത്രമായിരുന്നു രഞ്ജിത്ത്- മോഹന്ലാല് കോമ്പോയിലിറങ്ങിയ സ്പിരിറ്റിലേത്. അമിതമദ്യപാനിയായ ‘മണി’യെന്ന കഥാപാത്രത്തിലൂടെ വലിയൊരു കരിയര് ബ്രേക്കാണ് നന്ദുവിനന്ന് കിട്ടിയത്.
ഇപ്പോഴിതാ സംസ്ഥാന അവാർഡുകളില് തനിക്ക് ഒട്ടും വിശ്വാസവുമില്ലെന്ന് പറയുകയാണ് നന്ദു. തനിക്ക് അവാർഡ് ലഭിക്കണമായിരുന്നെങ്കില് അത് രഞ്ജിത്ത് സംവിധാനം ചെയ്ത് 2012-ല് പുറത്തിറങ്ങിയ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലൂടെ കിട്ടണമായിരുന്നുവെന്നും സിനിമാ പുരസ്കാര നിർണയങ്ങള്ക്ക് പിന്നില് പലതരം ഇടപെടലുകളാണ് നടക്കുന്നതെന്നും നന്ദു വ്യക്തമാക്കുന്നു.
‘‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ ‘മണി’ എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നോമിനേഷൻ ലഭിച്ചിരുന്നു. അന്ന് സഹനടനുള്ള പുരസ്കാരം നല്കിയത് മറ്റൊരു ചിത്രത്തില് നായകനായി മത്സരിച്ച മനോജ് കെ. ജയനായിരുന്നു. നായകനായി അപേക്ഷിച്ച മനോജിന് മികച്ച നടന് പകരം സഹനടന്റെ അവാർഡ് നല്കുകയായിരുന്നു. ഇതിന് പിന്നില് വലിയ അഭ്യാസങ്ങള് നടന്നിട്ടുണ്ടെന്ന് മനോജ് കെ. ജയൻ തന്നെ എന്നോട് വെളിപ്പെടുത്തി. അതോടെയാണ് അവാർഡുകളിലുള്ള വിശ്വാസം എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടത്.
ചിത്രം ഇറങ്ങി 13 വർഷം പിന്നിടുമ്പോഴും ജനങ്ങള് ആ വേഷത്തെക്കുറിച്ച് ഓർത്തു സംസാരിക്കുന്നതാണ് എന്റെ യഥാർത്ഥ സന്തോഷം. ചിത്രം പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് ‘സ്പിരിറ്റി’ലെ അവാർഡ് നഷ്ടത്തിന് പിന്നിലെ കഥ ഞാന് അറിയുന്നത്. കോഴിക്കോട് മഹാറാണി ഹോട്ടലില് വെച്ച് അന്നത്തെ ജൂറി ചെയർമാനായിരുന്ന ഐ.വി. ശശിയേട്ടനെ (പ്രശസ്ത സംവിധായകന് ഐ വി.ശശി) കണ്ടുമുട്ടി. ‘സ്പിരിറ്റി’ലെ നിന്റെ അഭിനയം അസാധ്യമായിരുന്നു, ശരിക്കും നിനക്കായിരുന്നു അവാർഡ് കിട്ടേണ്ടത്’ എന്ന് ശശിയേട്ടൻ എന്നോട് പറഞ്ഞു.
എന്നാല് അവസാന നിമിഷം ചില സംഭവങ്ങള് നടന്നു. ‘നിനക്ക് വേണമെങ്കില് ഒരു സ്പെഷ്യല് ജൂറി അവാർഡ് തരാമായിരുന്നു’വെന്നും അത് നല്കാൻ സാധിക്കാതെ പോയത് തന്റെ ഭാഗത്തുനിന്നുണ്ടായ അബദ്ധമാണ്’ എന്നും ശശിയേട്ടന് തുറന്നുസമ്മതിച്ചു. അവാർഡ് പ്രതീക്ഷിച്ചല്ല അഭിനയിച്ചതെങ്കിലും ജൂറി ചെയർമാനായ ശശിയേട്ടന് അങ്ങനെ പറഞ്ഞപ്പോള് വല്ലാത്ത വിഷമമുണ്ടായി.
ഇതു കൂടാതെ മറ്റൊരിക്കല് എന്റെ പേരെഴുതിയ ട്രോഫിയിലെ പേര് മാറ്റി മറ്റൊരാള്ക്ക് നല്കിയ അനുഭവവും ഞാന് നേരിട്ടറിഞ്ഞതാണ്. മറ്റൊരു പ്രശസ്തമായ അവാർഡ് നിശയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട് പങ്കെടുത്ത എനിക്ക് പക്ഷേ അന്ന് പുരസ്കാരം ലഭിച്ചില്ല. എനിക്കതില് ഒരു വിഷമവും തോന്നിയില്ല. ഞാനതില് നോമിനേഷനിലുണ്ടായിരുന്നു. അങ്ങനെ അത് വേറൊരാള്ക്ക് കിട്ടി. ഇതില് വിഷമം വന്നത് എപ്പോഴാണെന്നോ. നാളുകള്ക്ക് ശേഷം ഞാനൊരു പടം ചെയ്തു കൊണ്ടിരിക്കുമ്പോള് ആ മേക്കപ്പ്മാന്റെ അസിസ്റ്റന്റ് എന്നോട് പറഞ്ഞു.
‘അന്നത്തെ അവാർഡ് ദാനച്ചടങ്ങില്, അവരുടെ കൂടെ ഞാൻ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അന്ന് സപ്പോർട്ടിങ് ആക്ടറുടെ അവാർഡ് ചേട്ടനാണ് കിട്ടേണ്ടത്...’ എന്ന്. അപ്പോള് ഞാൻ ചോദിച്ചു, ‘എന്നിട്ടെന്താ കിട്ടാതിരുന്നതെ’ന്ന്. ആ ചടങ്ങില് സ്റ്റേജിന് പുറകില് നിന്ന് ഷീല്ഡുകള് എടുത്ത് കൊടുത്തിരുന്നത് ഇവനാണ്. അപ്പോള് ആരോ ഓടി വന്നിട്ട് പറഞ്ഞു, ‘എടാ മറ്റേ ആർട്ടിസ്റ്റ് വന്നിട്ടുണ്ടെന്ന്...’. പ്രതിമയില് നിന്ന് എന്റെ പേര് ഇളക്കി മാറ്റി മറ്റേയാളുടെ പേര് ഒട്ടിച്ചത് ഇവനാണ്. പറഞ്ഞ കമ്പിനിയും കാര്യങ്ങളുമൊന്നും ഞാൻ പറയുന്നില്ല...’’ എന്നാണ് നന്ദു അഭിമുഖത്തില് വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നന്ദുവിന്റെ ഈ തുറന്നു പറച്ചില്.







Comments