
ന്യൂഡല്ഹി: 'ബ്രിക്സ്' ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിനും കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ഊര്ജ സുരക്ഷ, വ്യാപാര വിപുലീകരണം എന്നിവയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്ച്ചാവിഷയങ്ങള്. യുക്രൈന് യുദ്ധം ആരംഭിച്ചശേഷം റഷ്യയ്ക്കു പുറത്തു നടക്കുന്ന ഒരു ബ്രിക്സ് ഉച്ചകോടിയില് പുടിന് നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമായാണ്.
തിരുവള്ളുവര് രചിച്ച 'തിരുക്കുറലി'ന്റെ റഷ്യന് പരിഭാഷ പ്രധാനമന്ത്രി മോദി, പുടിനു സമ്മാനിച്ചു. ചര്ച്ചയ്ക്കുശേഷം ഭാരത് മണ്ഡപത്തില് നടക്കുന്ന 'ബ്രിക്സ്' ബിസിനസ് ഫോറത്തില് പങ്കെടുക്കാന് ഒരു കാറിലാണ് ഇരുവരും മടങ്ങിയത്. സാമ്പത്തിക പങ്കാളിത്തത്തിന്റെ സാധ്യതകളില് ഊന്നിയാണ് ഇന്ത്യ-റഷ്യ ചര്ച്ചകള് പുരോഗമിക്കുന്നത്. 2030 ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ് ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. കൂടുതല് റഷ്യന് നിക്ഷേപവും ഉത്പന്നങ്ങള്ക്ക് റഷ്യന് വിപണിയിലേക്കുള്ള പ്രവേശനവും ഇന്ത്യ ലക്ഷ്യമിടുന്നു.
വ്യവസായ സഹകരണം, റെയില്വേ, തുരങ്ക നിര്മാണം, സ്റ്റീല് ഉത്പാദനം, സിവില് ന്യൂക്ലിയര് സാങ്കേതികവിദ്യ, വളം വിതരണം, നിര്ണായക ധാതുക്കള് എന്നീ മേഖലകളിലെ സഹകരണവും ഇന്ത്യയില്നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ സേവനവും ഇരുരാജ്യങ്ങളും ചര്ച്ച ചെയ്തു. ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്, റഷ്യയുമായുള്ള ഊര്ജ സഹകരണത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് നല്കുന്നത്.
ഇന്നും നാളെയുമായി ഡല്ഹിയില് നടക്കുന്ന ഉച്ചകോടിയില് പുടിനു പുറമേ ചൈനീസ് പ്രസിഡന്റ് ഷി ചിന്പിങ്, ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, ദക്ഷിണാഫ്രിക്കന് പ്രസിഡന്റ് സിറില് റാമഫോസ, ഇന്തോനീഷ്യന് പ്രസിഡന്റ് പ്രബോവോ സുബിയാന്തോ തുടങ്ങിയവര് പങ്കെടുക്കും. റഷ്യ-യുക്രൈന് യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്ഷം, ഹോര്മുസ് കടലിടുക്കിലെ തര്ക്കങ്ങള്, ട്രംപിന്റെ 'തീരുവ യുദ്ധം' എന്നീ പ്രതിസന്ധികള്ക്കിടെയാണ് ഉച്ചകോടി.
ഊര്ജമേഖലയിലും വ്യാപാര ഇടപാടുകളിലും നിലവിലുള്ള വെല്ലുവിളികള്ക്കു പരിഹാരം കാണാനുള്ള തീരുമാനങ്ങള് സമ്മേളനത്തില് ഉണ്ടാകുമെന്ന് സൂചനയുണ്ട്. പൊതുവായ കറന്സി, പ്രാദേശിക കറന്സികളുടെ കൂടുതല് ഉപയോഗം എന്നിവയെല്ലാം ചര്ച്ചയാകുമെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളില്നിന്നുള്ള വിവരം. 12നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കള്ക്കു വിരുന്ന് ഒരുക്കിയിട്ടുണ്ട്.







Comments