
കൊച്ചി: ന്യൂനമര്ദത്തിന്റെ ഫലമായി നാളെ വരെ മഴപെയ്യുമെന്ന പ്രതീക്ഷ മങ്ങി. ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട ന്യൂനമര്ദത്തിന്റെ സ്വാധീനത്താല് ഈ മാസം 10 മുതല് 13 വരെ തീയതികളില് മഴ പെയ്യുമെന്ന് നേരത്തേ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്കിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയും ഏറി. അടുത്ത മൂന്നുദിവസം കടുത്ത പകല്ച്ചൂടിനാന് സാധ്യത. അന്തരീക്ഷ താപനിലയും കൂടിക്കഴിഞ്ഞു. മേഘങ്ങളില്ലാത്തതിനാലും സൂര്യരശ്മി ലംബമായി പതിക്കുന്നതുമാണ് ചൂട് വര്ധിക്കാന് കാരണം. അതിനൊപ്പം അന്തരീക്ഷ ഈര്പ്പത്തിന്റെ അളവും കൂടിയിരിക്കുന്നതിനാല് ശരീരത്തിന് അനുഭവപ്പെടുന്ന ചൂടും കൂടി.
പൊതുവേ താപനില 30-32 ഡിഗ്രി സെല്ഷ്യസ് ആണെങ്കില് ഈര്പ്പത്തിന്റെ സാന്നിധ്യമുള്ളതിനാല് ശരീരത്തിനത് 40 ഡിഗ്രി സെല്ഷ്യസ് വരെയായി അനുഭവപ്പെടും. സംസ്ഥാനത്ത് പതിവുള്ളതിലും മൂന്നുമുതല് നാല് ഡിഗ്രിസെല്ഷ്യസ് വരെ ചൂട് കൂടുമെന്നാണു മുന്നറിയിപ്പ്.







Comments