
അഗളി: അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തില് പശ്ചിമബംഗാള് സ്വദേശി പ്രോവത് ദാസിനെ പോലീസ് പിടികൂടിയത് അതി സാഹസീകമായി. കേരളത്തില് കൊലപാതകം നടത്തി ബംഗാളിലേക്ക് കടന്ന പ്രതിയെ അവിടെയെത്തിയാണ് കേരളാപോലീസ് പിടികൂടിയത്. ബംഗാള് പോലീസ് പോലും കടന്നുചെല്ലാത്ത സ്ഥലത്ത് ചെന്നാണ് പൊക്കിയത്. പ്രോണിതരാജ് എന്ന മുപ്പതുകാരി യുവതിയെയും അവരുടെ നാലുവയസ്സുകാരിയായ മകളെയുമാണ് കൊലപ്പെടുത്തി മൃതദേഹങ്ങള് ചാക്കിലാക്കി ഭവാനിപ്പുഴയുടെ തീരത്ത് എറിഞ്ഞത്.
പ്രോവത് ദാസും യുവതിയും ഭാര്യാഭര്ത്താക്കന്മാരല്ലെന്നും നാലുവയസ്സുകാരി തന്റെ കുഞ്ഞല്ലെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞു. യുവതി ഗര്ഭിണിയാണെന്ന് അറിഞ്ഞതോടെ സംശയത്തെ തുടര്ന്നായിരുന്നു കൊലപാതകം എന്നാണ് വിവരം. കോട്ടത്തറ ട്രൈബല് ആശുപത്രിയില് എത്തി നടത്തിയ പരിശോധനയില് യുവതി ഗര്ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്ന്ന് പുറത്തുപോയി മദ്യപിച്ച് എത്തിയ പ്രബുല്ദാസ് യുവതിയെയും മകളെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കടിച്ച ശേഷം കഴുത്തറുത്തായിരുന്നു കൊലപാതകം.
ഇരുവരും പശ്ചിമബംഗാളിലെ അലിപൂര്ദ്വാര് എന്ന ഗ്രാമത്തില് നിന്നുള്ളവരാണ്. മാസങ്ങള്ക്ക് മുമ്പാണ് നാലുവയസ്സുകാരി മകളുള്ള പ്രോണിതയുമായി പ്രതി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് രണ്ടുമാസം മുമ്പ് ഇരുവരും കേരളത്തിലേക്ക് എത്തുകയും ചെയ്തു. ഒരു ഏജന്റ് വഴി അട്ടപ്പാടി തോട്ടത്തില് പണി തരപ്പെടുത്തിയ ശേഷമായിരുന്നു കേരളത്തിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ 2 ന് ആശുപത്രിയില് എത്തിയപ്പോള് യുവതി ഗര്ഭിണിയാണെന്ന് അറിയുന്നത്. ഈ വിഷയത്തില് ഇരുവരും തമ്മില് തര്ക്കമുണ്ടായി. തുടര്ന്ന് ആദ്യം ഇയാള് കുട്ടിയെ ആക്രമിച്ചു. യുവതി ഈ ശ്രമം തടഞ്ഞപ്പോള് പുറത്തുപോയി മദ്യപിച്ചുവന്ന് ക്രൂരമായ കൊലപാതകം നടത്തുകയായിരുന്നു. തലയ്ക്ക് അടിച്ച ശേഷമാണ് കഴുത്തറുത്തത്.
കൊലപ്പെടുത്തി രണ്ടുപേരെയും ചാക്കിലാക്കി പുഴയില് തള്ളിയതിന്റെ അടുത്ത ദിവസം തോട്ടം മാനേജരില് നിന്നും മുന്കൂറായി പണം വാങ്ങി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാല് ഇയാള് മൃതദേഹം കളയാന് ഉപയോഗിച്ച ചാക്ക് കോട്ടത്തറയിലെ ഒരു വ്യപാര സ്ഥാപനങ്ങളില് സാധനം എത്തിക്കാന് ഉപയോഗിച്ചതായിരുന്നു. ഈ ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് അത് കൊണ്ടുപോയത് ബംഗാളി തൊഴിലാളിയാണെന്ന കടക്കാരന്റെ മൊഴി വെച്ചുള്ള അന്വേഷണമാണ് പ്രതിയില് എത്തിയത്. പശ്ചിമബംഗാളിലെ സോവാര്ഗഞ്ച് മേഖലയിലാണ് പ്രതി ഒളിവില് കഴിഞ്ഞത്. ബംഗാള് പോലീസ് പോലും കടക്കാത്ത ഉള്നാടന് പ്രദേശത്ത് കടന്നുചെന്ന് പോലീസ് പിടികൂടുകയായിരുന്നു.







Comments