
ഹോട്ടലിൽ സാധാരണയായി നിൽക്കുന്നതിനിടെ ഒരു നിമിഷം കൊണ്ട് സംഭവിച്ചത് ദാരുണമായ അപകടം. ഗ്രേറ്റർ നോയിഡയിലെ ഹോട്ടലിൽ സുഹൃത്തിനൊപ്പം എത്തിയ 25 കാരനായ ഗായകൻ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ സമീപത്തുകൂടി കടന്നുപോകുന്ന 11 കെവി വൈദ്യുത ലൈനുമായി സമ്പർക്കത്തിൽപ്പെട്ട് മരിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഗൗരവ് എന്ന യുവാവാണ് മരിച്ചത്. ഹോട്ടലിലെ ഇടനാഴിയിൽ നിൽക്കുന്നതിനിടെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോഴാണ് കൈ വൈദ്യുത ലൈനിൽ തട്ടിയതെന്നാണ് റിപ്പോർട്ട്. ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി പ്രവഹിച്ചിരുന്നതിനാൽ സംഭവസ്ഥലത്തുവെച്ചുതന്നെ ഗൗരവ് മരിക്കുകയായിരുന്നു.
അപകടം ഹോട്ടലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഗൗരവ് ഗൗതം ബുദ്ധ നഗർ സ്വദേശിയാണെന്നും പ്രൊഫഷണൽ ഗായകനായി ജോലി ചെയ്തുവരികയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഹോട്ടൽ കെട്ടിടത്തിന് വളരെ അടുത്തായി 11 കെവി വൈദ്യുതി ലൈൻ കടന്നുപോകുന്നതാണ് സംഭവത്തിൽ പ്രധാനമായും ചർച്ചയാകുന്നത്. വൈദ്യുതി ലൈനിന്റെ സ്ഥാനം, ഹോട്ടൽ കെട്ടിടവുമായുള്ള അകലം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.







Comments