
കക്കോടി: വീട്ടുകാരിയെ നിസ്ക്കരിക്കാന് പറഞ്ഞുവിട്ട ശേഷം വീട്ടില് പട്ടാപ്പകല് മോഷണം നടത്തി കള്ളന് കൊണ്ടുപോയത് നാലു പവനും രണ്ടരലക്ഷം രൂപയും. പരിചയക്കാരനായി നടിച്ചെത്തിയാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച വീട്ടിലെ പുരുഷന്മാര് പള്ളിയില് പോകുകയും വീട്ടില് സ്ത്രീകള് മാത്രമായ സമയം നോക്കിയുമായിരുന്നു മോഷണം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30യോടെ നടന്ന സംഭവത്തില് മലപ്പുറം കുറ്റിപ്പുറത്ത് ഇസ്മായില്കുട്ടി ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇസ്മായില്കുട്ടിഹാജി പള്ളിയില്പ്പോയ സമയം നോക്കിയെത്തിയ കള്ളന് വീട്ടുകാരി ആമിനയെയും മരുമകള് സഫ്നയെയും നിസ്ക്കരിക്കാന് പറഞ്ഞുവിട്ടായിരുന്നു മോഷണം. സംഭവം നടക്കുമ്പോള് ആമിനയും സഫ്നയും മാത്രമാണ് വീട്ടില് ഉണ്ടായിരുന്നത്. അടുക്കളഭാഗത്ത് എത്തിയ മോഷ്ടാവ് വീട്ടുകാരെ പരിചയമുള്ള ആളെപ്പോലെ പെരുമാറി. വാതില് തുറന്നപ്പോള് വെള്ളംചോദിച്ച് അകത്തുകയറി സോഫയില് ഇരുന്നു.
ഇസ്മായില്ഹാജിയെ പരിചയമുള്ള രീതിയില് സംസാരിച്ചു. താനിവിടെ ഇരുന്നോളാം ഉമ്മ പോയി നിസ്കരിച്ചോളൂ എന്ന് ആമിനയോടു പറയുകയും ചെയ്തു. എന്നാല് നിസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള് ആളെ കാണാനില്ല. ഷെല്ഫില് സൂക്ഷിച്ച ആഭരണവും പണവും മോഷണം പോയതായി പിന്നീട് വീട്ടുകാര്ക്കു മനസ്സിലാകുകയായിരുന്നു. മോഷ്ടിച്ച വാഹനത്തിലാണ് കള്ളനെത്തിയത്.
മോഷണം മുന്കൂട്ടി ആസൂത്രണം ചെയ്തതായിരിക്കാമെന്നാണ് സംശയം. ചേവായൂര് പോലീസും ഡോഗ്സ്ക്വാഡും പരിശോധന നടത്തി. പോലീസ്നായ മണംപിടിച്ച് വീട്ടിലെ എല്ലാ മുറികളിലും കയറി. മോഷ്ടാവ് സഞ്ചരിച്ചതായി കരുതുന്ന കാര് മച്ചക്കുളം ബസാറിലെ സി.സി.ടി.വിയില് പതിഞ്ഞിട്ടുണ്ട്. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറാണിത്. ചേവായൂര് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.







Comments