
മുംബൈ: പ്രധാനമന്ത്രി മോദിയുടെ മുംബൈ സന്ദർശനത്തോടനുബന്ധിച്ച് ജിയോ വേൾഡ് പ്ലാസയിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റോഹൻ പരീഖ് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഐഡി കാർഡ് വ്യാജമായി നിർമ്മിക്കാൻ ചാറ്റ് ജിപിടിയാണ് ഉപയോഗിച്ചതെന്ന് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റസമ്മതം നടത്തി. 24 കാരനായ റോഹൻ പരീഖ് ബിസിനസുകാരനാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് സംഭവം നടന്നത്. കുടുംബത്തിലും സമൂഹത്തിലും തന്റെ അന്തസ്സ് ഉയർത്താനും മറ്റുള്ളവരെ ആകർഷിക്കാനുമാണ് താൻ ഇത് ചെയ്തതെന്ന് പരീഖ് പോലീസിനോട് സമ്മതിച്ചു. പരീഖിന്റെ ഖറിലെ വസതിയിൽ നിന്ന് പിഎംഒയുമായി ബന്ധപ്പെട്ട നിരവധി വ്യാജ ഇംഗ്ലീഷ് രേഖകൾ പോലീസ് കണ്ടെടുത്തു. പിഎംഒയുമായി ബന്ധപ്പെട്ട കത്തുകൾ തയ്യാറാക്കാൻ ചാറ്റ് ജിപിടി തിരഞ്ഞതിന്റെ വിവരങ്ങൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ട്.
പരീഖിനെ കൂടാതെ മുൻ ആർമി ഉദ്യോഗസ്ഥനായ ദിലീപ് കുണ്ടെയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുണ്ടെയുടെ കൈവശമുണ്ടായിരുന്ന റിവോൾവർ പരീഖിന്റെ ബോഡിഗാർഡ് ആയി ജോലി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ സ്വന്തം ആയുധമാണെന്ന് മൊഴി നൽകിയിട്ടുണ്ട്. ഈ സംഭവത്തിന് പ്രധാനമന്ത്രിയുടെ പരിപാടിയുമായി നേരിട്ട് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.
ലണ്ടനിൽ പഠനം പൂർത്തിയാക്കിയ ഷെയർ ബ്രോക്കറായ റോഹൻ പരീഖും ദിലീപ് കുണ്ടെയും നൽകിയ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ 17-നകം മറുപടി നൽകാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.







Comments