
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങ് സഞ്ചരിക്കുന്നത് വിശേഷമായ 'ഹോങ്ഖി എൻ701' (Hongqi N701) കാറിലാണ്. ചൈനയിലെ ഉന്നത നേതാക്കൾക്കായി മാത്രം പ്രത്യേകം നിർമ്മിച്ച ഈ അത്യാധുനിക കവചിത വാഹനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു കാലത്ത് സർക്കാർ ചടങ്ങുകളിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസഡറിന് ഉണ്ടായിരുന്ന അതേ പ്രതീകാത്മക പ്രാധാന്യമാണ് ചൈനയിൽ ഈ വാഹനത്തിനുള്ളത്.
വിപണിയിൽ സാധാരണയായി ലഭ്യമാകുന്ന ഒരു വാഹനമല്ല ഇത്. 'റെഡ് ബാനർ' എന്നർത്ഥം വരുന്ന 'ഹോങ്ഖി' എന്ന ആഡംബര ബ്രാൻഡിൽ നിന്നുള്ളതാണ് ഈ വാഹനം. അമേരിക്ക, റഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശന വേളകളിലും ഷീ ജിൻപിങ് ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. വരും ദശകത്തിൽ വെറും 50 യൂണിറ്റുകൾ മാത്രം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ കാറുകൾ പൂർണ്ണമായും ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
രാജ്യത്തലവൻമാരുടെ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കാരണം ഔദ്യോഗിക വിവരങ്ങൾ പൂർണ്ണമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏകദേശം 5.5 മീറ്റർ നീളമുള്ള ഈ കാറിന് 21 ഇഞ്ച് ബുൾലെറ്റ് പ്രൂഫ് ടയറുകളും, അതിശക്തമായ കവചങ്ങളുമുണ്ട്. രാസവസ്തുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ എയർ കംപ്രഷൻ സിസ്റ്റവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 6.0 ലിറ്റർ V12 എഞ്ചിനിൽ നിന്നുള്ള 408 എച്ച്പി കരുത്താണ് ഈ വാഹനത്തിനുള്ളത്.
1958-ൽ സ്ഥാപിതമായ ഹോങ്ഖി ബ്രാൻഡ്, സാധാരണക്കാരുടെ വാഹനങ്ങൾ എന്നതിലുപരി ചൈനയിലെ ഔദ്യോഗിക സർക്കാർ ചടങ്ങുകളുമായാണ് ഏറെ ബന്ധപ്പെട്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ 'ദി ബീസ്റ്റ്' (The Beast) എന്ന കവചിത വാഹനവുമായി ഇതിനെ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. ബ്രിക്സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ ഈ വാഹനം എത്തുന്നത് ചൈനയുടെ സുരക്ഷാ മുൻകരുതലുകളുടെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും നേർക്കാഴ്ച കൂടിയായി മാറുകയാണ്.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 18-മത് ബ്രിക്സ് ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തിയിരിക്കുന്നത് അതീവ സുരക്ഷാ സവിശേഷതകളുള്ള സ്വന്തം കസ്റ്റമൈസ്ഡ് ഓറസ് സെനറ്റ് ലിമോസിൻ കാറുമായാണ്. ലോകത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ളതും കനത്ത സുരക്ഷയുമുള്ള വാഹനങ്ങളിലൊന്നായാണ് ഓറസ് സെനാറ്റ് കണക്കാക്കപ്പെടുന്നത്.







Comments