
അപകടത്തിൽപ്പെട്ട രണ്ട് നായകൾക്ക് വേണ്ടി 90 കിലോമീറ്റർ യാത്ര ചെയ്ത് എത്തിയ രക്ഷാസംഘത്തിന്റെ ഇടപെടൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയിലെ ജൽനയിലെ ജാംവാഡി പ്രദേശത്താണ് 60 അടി ആഴമുള്ള കിണറ്റിൽ രണ്ട് നായകൾ കുടുങ്ങിയത്. കിണറ്റിൽ നിന്ന് നായകളുടെ കരച്ചിൽ കേട്ടതോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്.
കിണറ്റിന്റെ ആഴം കൂടുതലായതിനാൽ നായകളെ പുറത്തെടുക്കാൻ നാട്ടുകാരുടെ ശ്രമങ്ങൾ മതിയായിരുന്നില്ല. തുടർന്ന് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും രക്ഷാപ്രവർത്തകരുടെ സഹായം തേടുകയുമായിരുന്നു. നായകൾ കിണറ്റിന്റെ അടിത്തട്ടിൽ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ അവയുടെ രക്ഷയ്ക്കായി അടിയന്തരമായി ഇടപെടൽ ആരംഭിച്ചു.
തുടർന്ന് ഛത്രപതി സംഭാജിനഗറിൽ നിന്നുള്ള മാൻവിതിൻഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സംഘം ജാംവാഡിയിലേക്ക് പുറപ്പെട്ടു. ഡയറക്ടറും ഓണററി വന്യജീവി വാർഡനുമായ ആശിഷ് ജോഷിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. ഏകദേശം 90 കിലോമീറ്റർ യാത്ര ചെയ്തെത്തിയ സംഘം ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെ കിണറ്റിലേക്ക് ഇറങ്ങി. ഏറെ പരിശ്രമത്തിനൊടുവിൽ രണ്ട് നായകളെയും സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
ജീവനോടെ പുറത്തെടുത്ത നായകളെ കണ്ടതോടെ നാട്ടുകാർക്കും ആശ്വാസമായി. അപകടസാധ്യതയുള്ള സ്ഥലത്തേക്ക് യാതൊരു മടിയുമില്ലാതെ 90 കിലോമീറ്റർ അകലെ എത്തിയ രക്ഷാസംഘത്തിന്റെ പ്രവർത്തനത്തിന് പ്രദേശവാസികൾ നന്ദി അറിയിച്ചു. 60 അടി താഴ്ചയിൽ കുടുങ്ങിയ രണ്ട് ജീവനുകൾക്ക് രക്ഷയൊരുക്കിയ ഈ ദൗത്യത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.







Comments