
വലിയ ശമ്പളം ലഭിച്ചിട്ടും മാസാവസാനം പണം തികയാത്തവരാണ് പലരും. എന്നാൽ ഗുരുഗ്രാമിലെ ഒരു വീട്ടുജോലിക്കാരിയുടെ വരുമാനവും അത് കൈകാര്യം ചെയ്യുന്ന രീതിയും ഒരു യുവാവിനെ ചിന്തിപ്പിച്ചിരിക്കുകയാണ്. മാസം ഏകദേശം 60,000 രൂപ വരുമാനമുള്ള ഇവരുടെ സാമ്പത്തിക അച്ചടക്കം തനിക്ക് വലിയൊരു തിരിച്ചറിവായെന്ന് ശിവ മിത്തൽ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പങ്കുവെച്ചു.
അഞ്ച് മുതൽ ആറ് വീടുകളിൽ ദിവസവും ജോലി ചെയ്യുന്ന ഇവർക്ക് മാസത്തിൽ മൂന്ന് മുതൽ നാല് ദിവസം മാത്രമാണ് നിശ്ചിത അവധി. ഈ വരുമാനത്തിൽ നിന്ന് മകളുടെ സ്വകാര്യ സ്കൂൾ വിദ്യാഭ്യാസം, ദൈനംദിന ചെലവുകൾ, യൂട്ടിലിറ്റികൾക്ക് പുറമെ 10,000 രൂപ മാസവാടക എന്നിവയും വഹിക്കുന്നുണ്ട്. അതിനൊപ്പം സ്വന്തം നാട്ടിലുള്ള ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുടെ ഇഎംഐയും കൃത്യമായി അടച്ചുവരികയാണ്.
എന്നാൽ ശിവ മിത്തലിനെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവരുടെ വരുമാനമല്ല, പണം ചെലവഴിക്കുന്ന രീതിയായിരുന്നു. ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം പണം ചെലവഴിക്കുകയും ബാക്കിയുള്ളത് സംരക്ഷിക്കുകയും ചെയ്യുന്നതാണ് അവരുടെ സമീപനം. സ്വന്തം ഭാവിയേക്കാൾ മകളുടെ സുരക്ഷിതമായ ഭാവിക്കാണ് അവർ മുൻഗണന നൽകുന്നതെന്നും മിത്തൽ പറയുന്നു. ഭൂമി വാങ്ങുന്നതിനുള്ള ഇഎംഐ മാത്രമാണ് അവർ അടയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് വിപരീതമായി, പലരും കാർ, ഗാഡ്ജറ്റുകൾ, ജീവിതശൈലി എന്നിവയ്ക്കായി മൂല്യം കുറയുന്ന വസ്തുക്കൾക്ക് ഇഎംഐ എടുക്കുകയും വരുമാനം കൂടുന്നതിനനുസരിച്ച് ചെലവുകളും വർധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് മിത്തലിന്റെ നിരീക്ഷണം. സാമ്പത്തിക കാര്യങ്ങളിൽ നിരവധി പേർ പുസ്തകങ്ങളും ബജറ്റിങ് ആപ്പുകളും ആശ്രയിക്കുമ്പോഴും പണം ചോരുന്ന വഴികൾ കണ്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീട്ടുജോലിക്കാരിയുടെ ലളിതമായ സാമ്പത്തിക സമീപനം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.







Comments