
തെന്നിന്ത്യന് സിനിമാലോകത്ത് രണ്ടു പതിറ്റാണ്ടിലധികമായി നിറഞ്ഞു നില്ക്കുന്ന താരമാണ് ഷംന കാസിം. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് പിന്നീട് വെള്ളിത്തിരയില് മികച്ച വേഷങ്ങള് ചെയ്ത ഷംന ഇന്നും സ്റ്റേജ് പ്രോഗ്രാമുകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. സിനിമ കഴിഞ്ഞാല് ഷംനയുടെ ഏറ്റവും വലിയ പാഷന് നൃത്തമാണ്. ‘ഗുണ്ടൂർ കാരം’ എന്ന തെലുങ്കു സിനിമയിലെ ഷംനയുടെ നൃത്തം ഏറെ തരംഗമായതാണ്. ആദ്യത്തെ കുഞ്ഞിന്റെ ഡെലിവറി കഴിഞ്ഞ് അഞ്ചാം മാസത്തിൽ ‘ഗുണ്ടൂർ കാര’ത്തിലെ ‘കുർച്ചി മടത്തപ്പട്ടി’ ഗാനരംഗത്തില് മാസ് ചുവടുകളുമായി ഷംന തിളങ്ങി.
ഇന്നിപ്പോള് ‘ജയിലർ 2’ എന്ന സിനിമയിലെ ‘അല ബോലേലോ’ എന്ന ഗാനത്തിലെ ഷംനയുടെ നൃത്തവും സോഷ്യല് മീഡിയ ഭരിക്കുകയാണ്. രജനികാന്തിന്റെ കൂടെയതില് പ്രത്യക്ഷപ്പെട്ട ഷംന ഈ ഗാനരംഗം ഷൂട്ട് ചെയ്യുമ്പേള് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്ഭിണിയായിരുന്നു. നൃത്തമെന്ന പാഷന് ഷംനയ്ക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് ഈ അര്പ്പണബോധത്തിലൂടെ ആര്ക്കും മനസ്സിലാക്കാന് പറ്റും.
ഇപ്പോഴിതാ ഡാന്സ് കാരണം മലയാള സിനിമ ഒറ്റപ്പെടുത്തിയെന്ന് പറയുകയാണ് ഷംന കാസിം. കൂടെനിന്നവർ തന്നെയാണ് തന്നെ ഗ്ലാമറസ് ആക്കിയതെന്നും ഷംന പറയുന്നു.
‘‘ഇപ്പോഴുള്ള ഹീറോയിനുകളോട് എനിക്ക് വലിയ ബഹുമാനമാണ്. അവര് ചുറ്റുപാടും നടക്കുന്ന വിഷയങ്ങളെ വലിയ രീതിയില് മൈന്ഡ് ചെയ്യില്ല. സ്വന്തം കംഫര്ട്ടിനാണ് പ്രാധാന്യം നല്കുക. എനിക്കറിയാം ഞാൻ പണ്ടൊക്കെ സ്റ്റേജ് ഷോയില് പെർഫോം ചെയ്യുമ്പോൾ, എവിടെയാണ് അതില് ഗ്ലാമർ പാർട്ട് എന്ന് ഞാൻ ചിലപ്പോൾ നോക്കും. ഞാനെത്ര നോക്കിയാലും കാണില്ല, പക്ഷെ, യൂട്യൂബ് നോക്കിയിരിക്കുന്നവര് അതിന്റെയൊരു ഗ്ലാമർ പാർട്ട് കണ്ടുപിടിക്കും.
കേരളത്തില് എന്നു ഞാന് പറയില്ല, പക്ഷേ സിനിമയിലെ ഒരു ഗ്രൂപ്പ് ഓഫ് പീപ്പിൾ, എനിക്കവരെ നന്നായിട്ട് അറിയാം. പക്ഷെ പിന്നെ ഞാൻ വിചാരിക്കും, അത് വിട്ടേക്കാം എന്ന്. അവര് ചിലപ്പോള് എന്റെ ഫ്രണ്ട്സ് തന്നെയായിരിക്കും. ഇവര് നേരിട്ട് എന്നോട് നന്നായിട്ട് സംസാരിച്ചിട്ട്, ‘ഓ, ഷീ ഈസ് വൺ ഗ്ലാമർ’ എന്ന് മറ്റുള്ളവരോട് പറഞ്ഞു നടക്കും. ‘പുള്ളിക്കാരി ഗ്ലാമര് ഹോട്ട്’ ആണെന്ന് പറയും. ശരിക്കും ചിരിച്ചു കൊണ്ടു പണി തരും.
നമ്മൾ ക്ലോസ് ആയിട്ട് വിചാരിക്കുന്ന ആൾക്കാർ ഇങ്ങനെ പറയുന്നുണ്ട് എന്ന് നമ്മളുടെ ചെവിയിൽ വരും. നമുക്ക് അത് അറിയാൻ പറ്റും.
അന്ന് അവരൊക്കെ പറയുന്നതു കേട്ടിട്ട് ഡാന്സൊക്കെ വിട്ടിട്ട് സിനിമ മാത്രം നോക്കിയിരുന്നിരുന്നുവെങ്കില്, പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് വേണ്ടിയിട്ട്, (അങ്ങനെ തന്നെ ഞാന് മെന്ഷന് ചെയ്യണം) നൃത്തം വിട്ടിരുന്നുവെങ്കില് ഇപ്പോഴുള്ള ഹാപ്പിനെസ്സ് എനിക്കുണ്ടാകുമായിരുന്നില്ല. ഒരുപാട് ഹീറോയിന്സ് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്, ‘മറ്റു ഭാഷകളില് ശ്രദ്ധ നല്കുകയും ക്യാരക്ടര് റോളുകള് ചെയ്യാന് തുടങ്ങിയതു കൊണ്ടാണ് ഇപ്പോഴും വര്ക്ക് ചെയ്യുന്ന’തെന്ന്. കല്യാണം കഴിഞ്ഞതോടെ ‘ഗെറ്റ് ഔട്ട് ഫ്രം ഇന്ഡസ്ട്രി’ എന്നത് ഫേയ്സ് ചെയ്ത ഒരുപാട് നായികമാരുണ്ട്. കാരണം, ഈ ഡാൻസ് എന്നെ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട് മലയാള സിനിമയിൽ. പക്ഷെ അതേ ഡാൻസ് എനിക്കിപ്പോൾ ഹാപ്പിനെസ്സ് തന്നപ്പോൾ, എനിക്ക് കുറെ ആൾക്കാരോട് ചോദിക്കണം എന്നുണ്ട്...’’ ഷംന പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷംനയുടെ ഈ തുറന്നുപറച്ചില്.







Comments