
ഒരു ബാർബിക്യൂ തർക്കത്തിൽ തുടങ്ങി പിന്നീട് ഗുരുതര ആരോപണങ്ങളിലേക്ക് നീണ്ട വീട്ടുടമയും വാടകക്കാരനും തമ്മിലുള്ള പ്രശ്നമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജയായ വീട്ടുടമ രാജ് തിവാനയ്ക്കെതിരെ വാടകക്കാരൻ നിരവധി വീഡിയോകൾ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം ശ്രദ്ധ നേടിയത്. തർക്കത്തിനൊടുവിൽ രാജ് തിവാനയെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
വാടകവീട്ടിലെ പുറത്തുള്ള ഭാഗത്ത് സുഹൃത്തിനൊപ്പം ബാർബിക്യൂ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനെ വീട്ടുടമ എതിർത്തതോടെയാണ് പ്രശ്നം ആരംഭിച്ചതെന്നാണ് വാടകക്കാരന്റെ ആരോപണം. സ്വത്ത് കേടാകുമെന്ന ആശങ്കയാണ് വീട്ടുടമ പ്രകടിപ്പിച്ചതെന്നും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും പുറത്തുവന്ന വീഡിയോകളിൽ കാണാം. പിന്നീട് ഗ്രില്ലിലുണ്ടായിരുന്ന ഭക്ഷണം മാറ്റുന്നതും വീട്ടുടമ പോലീസിനെ വിളിക്കുമെന്ന് പറയുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു.
ഇതിന് പിന്നാലെ വാടകക്കാരൻ കൂടുതൽ വീഡിയോകൾ പങ്കുവെച്ചു. വീട്ടുടമ തന്റെ അനുവാദമില്ലാതെ താമസസ്ഥലത്ത് പ്രവേശിച്ചെന്നും കല്ലുകൾ എറിഞ്ഞെന്നും തന്നെ ഉപദ്രവിച്ചെന്നും ഇയാൾ ആരോപിച്ചു. മറ്റൊരു വീഡിയോയിൽ വാടകവീടിന്റെ വാതിൽ നീക്കം ചെയ്ത നിലയും കാണിച്ചിരുന്നു. പൂട്ടുകൾ മാറ്റിയതായും മറ്റ് ആളുകൾ അനുവാദമില്ലാതെ താമസസ്ഥലത്ത് പ്രവേശിച്ചതായും വാടകക്കാരൻ ആരോപണമുന്നയിച്ചു.
പിന്നീട് പുറത്തുവന്ന വീഡിയോയിലാണ് പോലീസ് രാജ് തിവാനയെ അറസ്റ്റ് ചെയ്യാനെത്തുന്നതായി കാണുന്നത്. പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തുന്നതും കൈവിലങ്ങ് അണിയിച്ച് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ വാടകക്കാരന്റെ ഭാഗത്തുനിന്നുള്ള സംഭവത്തിന്റെ ചിത്രീകരണവും ആരോപണങ്ങളുമാണ് നൽകുന്നത്; തർക്കത്തിന്റെ മുഴുവൻ സാഹചര്യവും ആരോപണങ്ങളും വീഡിയോകൾ മാത്രം ഉപയോഗിച്ച് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.







Comments