
ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്സിൽ (സി.എസ്.കെ) 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്ന മുൻ ക്യാപ്റ്റൻ എം.എസ് ധോണിക്കെതിരായ റിപ്പോർട്ടുകൾ തള്ളി ടീം മാനേജ്മെന്റ്. ധോണി ഓഹരി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും സി.എസ്.കെ വ്യക്തമാക്കി.
ധോണിയുടെ ഓഹരി ആവശ്യം പിന്നീട് 20 ശതമാനമായി കുറച്ചെന്നും, എന്നാൽ ഫ്രാഞ്ചൈസി 5.5 ശതമാനം മാത്രം വാഗ്ദാനം ചെയ്തെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് സി.എസ്.കെ മാനേജ്മെന്റിന്റെ വിശദീകരണം.
“ഓഹരിയെക്കുറിച്ച് എം.എസ് ധോണി ഒരിക്കലും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്തിട്ടുമില്ല. എൻ. ശ്രീനിവാസനുമായി ധോണി ഇക്കാര്യം സംസാരിച്ചിട്ടുണ്ടോയെന്നും ഞങ്ങൾക്ക് അറിയില്ല,” സി.എസ്.കെയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ക്രിക്ക്ബസിനോട് പറഞ്ഞു.
അഞ്ച് ഐ.പി.എൽ കിരീടങ്ങൾ സി.എസ്.കെയ്ക്ക് സമ്മാനിച്ച ധോണി ഇപ്പോഴും ടീമിന്റെ ഭാഗമാണ്. അതേസമയം, ഫ്രാഞ്ചൈസിയിൽ ധോണിക്ക് നിലവിൽ ചില ഓഹരികളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സി.എസ്.കെ അൺലിസ്റ്റഡ് കമ്പനിയാണെന്നതിനാൽ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ വ്യാപാരം ചെയ്യപ്പെടുന്നില്ല. ഓഫ്-മാർക്കറ്റ് ഇടപാടുകളിലൂടെയാണ് ഇവ സ്വന്തമാക്കാനാകുന്നത്. ധോണിക്ക് ഒരു ലക്ഷത്തിലധികം സി.എസ്.കെ ഓഹരികളുണ്ടെന്നാണ് വിവരം. എന്നാൽ കമ്പനിയുടെ മൊത്തം ഓഹരി മൂലധനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറിയൊരു ശതമാനം മാത്രമാണ്.
കമ്പനിയുടെ 40 ശതമാനത്തോളം വരുന്ന 30 കോടിയിലധികം ഓഹരികൾ പൊതുജനങ്ങളുടെ കൈവശമാണുള്ളത്. മുൻ ബി.സി.സി.ഐ അധ്യക്ഷൻ എൻ. ശ്രീനിവാസന്റെ കുടുംബത്തിനാണ് 55 ശതമാനത്തിലധികം വരുന്ന നിയന്ത്രണ ഓഹരി.







Comments