
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, ആഗോളതലത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ആഗോള തെക്കൻ രാജ്യങ്ങളും മുൻനിരയിൽ എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓരോ അംഗരാജ്യത്തിനും ഇതിൽ കൃത്യമായ ശബ്ദമുണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
"ആഗോള സംഘടനകളിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ മുൻനിരയിലുണ്ടെങ്കിലും തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ അവ പിന്നാക്ക നിരയിലാണ്. ഈ 'പ്രിവിലേജ് പിരമിഡിനെ' ഒരു പങ്കാളിത്ത വേദിയാക്കി നാം മാറ്റണം. അവിടെ എല്ലാ രാജ്യങ്ങൾക്കും ശബ്ദവും എല്ലാ അംഗങ്ങൾക്കും അവകാശവുമുണ്ടാകണം," പ്രധാനമന്ത്രി വ്യക്തമാക്കി.
അടുത്ത ഉച്ചകോടിക്ക് മുമ്പായി ഒരു പത്ത് ഇന പരിഷ്കരണ റോഡ്മാപ്പ് തയ്യാറാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിർമ്മാണം എന്നീ മൂന്ന് പ്രധാന സ്തംഭങ്ങളിൽ ഈ റോഡ്മാപ്പ് ഊന്നിയതായിരിക്കണം. പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ, യുഎൻ സുരക്ഷാ കൗൺസിലിലെ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല. ഈ വിഷയത്തിൽ വ്യക്തമായ സമയപരിധിയോടും കൃത്യമായ ഫലങ്ങളോടും കൂടിയുള്ള ചർച്ചകൾ ഉണ്ടാകണം," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബ്രിക്സ് രാജ്യങ്ങൾ ആരെയും എതിർത്തുകൊണ്ടല്ല, മറിച്ച് സമവായത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും കഴിഞ്ഞ 20 വർഷത്തിനിടയിൽ കൂട്ടായ്മ ആഗോളതലത്തിൽ സ്വന്തമായൊരു മുഖമുദ്ര പതിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.രണ്ട് പതിറ്റാണ്ടുകളുടെ വളർച്ചയ്ക്ക് ശേഷം ബ്രിക്സ് കൂട്ടായ്മ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിനിൽക്കുകയാണെന്നും, കൂട്ടായ്മയുടെ ഐക്യവും സമവായവും ആഗോളതലത്തിൽ വ്യക്തമായ ഫലങ്ങളാക്കി മാറ്റാൻ അംഗരാജ്യങ്ങൾ തയ്യാറാകണമെന്നും ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വ്യത്യസ്ത വീക്ഷണങ്ങളെ മാനിച്ചും സമവായത്തിലൂടെ മുന്നേറിയും, ആരെയും എതിർക്കാതെ എല്ലാവരെയും ഉൾക്കൊണ്ട് മുന്നേറുന്നതിലൂടെയും ഈ കൂട്ടായ്മ ആഗോളതലത്തിൽ ഒരു പ്രത്യേക വ്യക്തിത്വമാണ് കൈവരിച്ചിട്ടുള്ളതെന്ന് 2026-ലെ ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, അബുദാബി കിരീടാവകാശി മൊഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹുങ് തുടങ്ങിയ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.







Comments