
യു.എസ്.ബി കേബിളുകളുടെ (USB Cable) സഹായമില്ലാതെ തന്നെ വൈഫൈ നെറ്റ്വര്ക്ക് വഴി മൊബൈല് ഫോണുകളില് ആപ്പുകള് കണക്ട് ചെയ്യാനും ടെസ്റ്റ് ചെയ്യാനും വയര്ലെസ് ഡീബഗ്ഗിംഗ് സഹായിക്കുന്നു. ഇപ്പോള് ആന്ഡ്രോയിഡ് ഡിവൈസുകളിലെ വയര്ലെസ് ഡീബഗ്ഗിംഗ് കൂടുതല് വിശ്വസനീയവും എളുപ്പവുമാക്കാന് ഉദ്ദേശിച്ച് 'ആന്ഡ്രോയിഡ് ഡീബഗ് ബ്രിഡ്ജ്' (ADB) വൈഫൈ 2.0 ഗൂഗിള് അവതരിപ്പിച്ചു. വൈഫൈ പെയറിംഗില് അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങള് പരിഹരിക്കാന് ഈ പുതിയ അപ്ഡേറ്റിന് സാധിക്കുമെന്ന് ഗൂഗിള് വ്യക്തമാക്കുന്നു. ആന്ഡ്രോയിഡ് 17, SDK പ്ലാറ്റ്ഫോം-ടൂള്സ് 37.0.0 എന്നിവയ്ക്കൊപ്പമാണ് ADB വൈഫൈ 2.0 ലഭ്യമാക്കിയിരിക്കുന്നത്.
ADB വൈഫൈ 2.0 - പുനര്രൂപകല്പ്പന ചെയ്ത സെര്വര് സ്റ്റാക്ക്
ആന്ഡ്രോയിഡ് ഡെവലപ്പേഴ്സ് ബ്ലോഗിലെ പുതിയ പോസ്റ്റിലൂടെയാണ് ഗൂഗിള് ADB വൈഫൈ 2.0 സിസ്റ്റത്തിന്റെ വിവരങ്ങള് വിശദീകരിച്ചത്. മുന്പ് നേരിട്ടിരുന്ന ഉപയോഗ തടസ്സങ്ങളെക്കുറിച്ചുള്ള ഡെവലപ്പര്മാരുടെ ഫീഡ്ബാക്കുകള് പരിഗണിച്ച്, പൂര്ണ്ണമായി പുനര്രൂപകല്പ്പന ചെയ്ത സെര്വര് സ്റ്റാക്കും മെച്ചപ്പെടുത്തിയ നെറ്റ്വര്ക്ക് ഹാന്ഡ്ലിംഗുമാണ് ഈ പുതിയ സിസ്റ്റത്തിലുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു.
ADB വൈഫൈ 2.0 വഴി കണക്ട് ചെയ്യുമ്പോള്, 90 ശതമാനം കണക്ഷനുകളിലും വയര്ലെസ് ഡീബഗ്ഗിംഗ് വേഗത 66 ശതമാനം വരെ വര്ദ്ധിച്ചതായി ഗൂഗിള് പറയുന്നു. കൂടാതെ, ഓട്ടോ-കണക്ഷന് വിജയശതമാനം 32 ശതമാനം മെച്ചപ്പെട്ടു.
ADB സിസ്റ്റത്തില് ഉള്പ്പെട്ടിരിക്കുന്ന ADB സെര്വര്, adbd ഡെമണ് (daemon), ആന്ഡ്രോയിഡ് സ്റ്റുഡിയോ ഘടകങ്ങള് എന്നിവയെല്ലാം കമ്പനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ADB സെര്വറില് വരുത്തിയ മാറ്റങ്ങള് വയര്ലെസ് ഡിവൈസുകള് വിച്ഛേദിക്കപ്പെടാതെ തുടര്ച്ചയായി കണക്ട് ആയിരിക്കാന് സഹായിക്കുന്നു. പുതിയ അപ്ഡേറ്റ് ലഭിച്ച ഡെമണിന് (daemon), സുരക്ഷിതമല്ലാത്ത ഏതെകിലും നെറ്റ്വര്ക്ക് കണ്ടെത്തിയാല് ഉടന് തന്നെ ADB വൈഫൈ സ്വയം ഓഫാക്കാന് സാധിക്കും. ഉപയോക്താവ് മുന്പ് അനുമതി നല്കിയിട്ടുള്ള സുരക്ഷിതമായ നെറ്റ്വര്ക്കിലേക്ക് മടങ്ങിയെത്തുമ്പോള് വയര്ലെസ് ഡീബഗ്ഗിംഗ് വീണ്ടും ഓട്ടോമാറ്റിക്കായി പ്രവര്ത്തിച്ചു തുടങ്ങും.
ആന്ഡ്രോയിഡ് സ്റ്റുഡിയോയിലെ വൈഫൈ പെയറിംഗ് കാഴ്ചയും ഗൂഗിള് മെച്ചപ്പെടുത്തിയിട്ടുണ്ട്. ആന്ഡ്രോയിഡ് സ്റ്റുഡിയോയുടെ 'ഡിവൈസ് മാനേജറില്' (Device Manager) നേരിട്ട് ഇത് ലഭ്യമാണ്. ഇതിലൂടെ ഒരു QR കോഡ് സ്കാന് ചെയ്തോ പെയറിംഗ് കോഡ് നല്കിയോ ഡെവലപ്പര്മാര്ക്ക് ഉപകരണം പെയര് ചെയ്യാം.
ആന്ഡ്രോയിഡ് ഫോണുകള്ക്കും ടാബ്ലെറ്റുകള്ക്കും പുറമെ Wear OS, Android TV എന്നിവയില് പ്രവര്ത്തിക്കുന്ന ഡിവൈസുകളിലും ADB വൈഫൈ 2.0 ലഭ്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ADB വൈഫൈ 2.0 എങ്ങനെ സെറ്റ് ചെയ്യാം?
ADB വൈഫൈ 2.0 ഉപയോഗിക്കുന്നതിനായി ഡെവലപ്പര്മാര് ആന്ഡ്രോയിഡ് 17, ആന്ഡ്രോയിഡ് SDK പ്ലാറ്റ്ഫോം-ടൂള്സ് 37.0.0, ആന്ഡ്രോയിഡ് സ്റ്റുഡിയോ ക്വയില് 3 (Android Studio Quail 3) അല്ലെങ്കില് അതിന് ശേഷമുള്ള പുതിയ വേര്ഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആവശ്യമായ സോഫ്റ്റ്വെയറുകള് ഇന്സ്റ്റാള് ചെയ്ത ശേഷം താഴെ പറയുന്ന ഘട്ടങ്ങള് പാലിക്കുക:
ആന്ഡ്രോയിഡ് ഡിവൈസും കമ്പ്യൂട്ടറും (Workstation) ഒരേ വൈഫൈ നെറ്റ്വര്ക്കിലേക്ക് കണക്ട് ചെയ്യുക.
ആന്ഡ്രോയിഡ് ഫോണിലെ Developer Options-ല് നിന്ന് Wireless debugging ഓണ് ചെയ്യുക.
ആന്ഡ്രോയിഡ് സ്റ്റുഡിയോയിലെ Device Manager തുറന്ന് Pair over Wi-Fi എന്ന ഐക്കണ് തിരഞ്ഞെടുക്കുക.
സ്ക്രീനില് കാണിക്കുന്ന QR കോഡ് സ്കാന് ചെയ്തോ നല്കിയിരിക്കുന്ന പെയറിംഗ് കോഡ് നല്കിയോ ഡിവൈസ് കണക്ട് ചെയ്യാവുന്നതാണ്.







Comments