
കോഴിക്കോട്: പി.എം ശ്രീ പദ്ധതിക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവർ അലി തങ്ങൾ. പദ്ധതിയുമായി ബന്ധപ്പെട്ട ഉപസമിതിയുടെ തീരുമാനം വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റികളിലും പദ്ധതിക്കെതിരായ നിലപാടാണ് ഉയർന്നതെന്ന് മുനവർ അലി തങ്ങൾ പറഞ്ഞു.
പി.എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. നിലവിൽ പരിശോധിക്കുന്നത് പദ്ധതിയുടെ പ്രായോഗിക വശങ്ങളാകാം. എന്നാൽ ഫണ്ടിനപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കുകയാണ് ലക്ഷ്യമെങ്കിൽ പദ്ധതി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രിക്ക് ഇക്കാര്യത്തിൽ വ്യക്തതക്കുറവില്ലെന്നും മുനവർ അലി തങ്ങൾ പറഞ്ഞു. വൈദ്യുതി നിയന്ത്രണ വിഷയത്തിൽ യൂത്ത് ലീഗ് ജനപക്ഷത്താണ്. ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയത്തിലും സർക്കാർ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.എം ശ്രീക്കെതിരെ നേരത്തെ യൂത്ത് ലീഗ് പ്രമേയം പാസാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം. അതിന് സാധിക്കാത്ത സാഹചര്യമുണ്ടായാൽ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
പി.എം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതുവഴി വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കപ്പെടുമെന്നും യൂത്ത് ലീഗ് ആരോപിച്ചു.







Comments