
ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ആദ്യദിനത്തിൽ തന്നെ ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ അംഗരാജ്യങ്ങൾ ഐകകണ്ഠേന അംഗീകരിച്ചു. എതിർപ്പുകളില്ലാതെയാണ് പ്രഖ്യാപനം പാസാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ വിവിധ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ബ്രിക്സിന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രത്യേക തപാൽ സ്റ്റാമ്പുകളും പ്രധാനമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.
ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയ താരിഫുകളും നോൺ-താരിഫ് നടപടികളും വർധിക്കുന്നതിൽ പ്രഖ്യാപനം കടുത്ത ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഏകപക്ഷീയ ഉപരോധങ്ങളെയും ബലപ്രയോഗങ്ങളെയും ബ്രിക്സ് അപലപിച്ചു. അന്താരാഷ്ട്ര തർക്കങ്ങൾ ചർച്ചകളിലൂടെയും സമാധാനപരമായ നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന നിലപാടും അംഗരാജ്യങ്ങൾ ആവർത്തിച്ചു.
സായുധ സംഘർഷങ്ങൾക്കിടയിലും ആണവ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് പ്രഖ്യാപനം ആവശ്യപ്പെട്ടു. അതേസമയം, റഷ്യ-യുക്രൈൻ യുദ്ധത്തെയും അമേരിക്ക-ഇറാൻ യുദ്ധത്തെയും പ്രഖ്യാപനത്തിൽ പേരെടുത്ത് പരാമർശിച്ചിട്ടില്ല.അംഗരാജ്യങ്ങൾക്കിടയിൽ വേഗത്തിലും കുറഞ്ഞ ചെലവിലും അതിർത്തി കടന്നുള്ള പണമിടപാട് സാധ്യമാക്കുന്നതിനും പ്രാദേശിക കറൻസികളിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ ബ്രിക്സ് പേയ്മെന്റ് ടാസ്ക് ഫോഴ്സിന്റെ (BPTF) നേതൃത്വത്തിൽ തുടരാനും ധാരണയായി.
മാറുന്ന ലോകത്തെ നയിക്കാൻ കാലഹരണപ്പെട്ട സ്ഥാപനങ്ങൾക്ക് കഴിയില്ലെന്നും ഉച്ചകോടിയുടെ സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിർമ്മാണം എന്നിവയിൽ അടിയന്തര പരിഷ്കരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനുകൂല്യങ്ങളുടെ പിരമിഡിനെ പങ്കാളിത്തത്തിന്റെ പ്ലാറ്റ്ഫോമാക്കി മാറ്റണമെന്നും മോദി ആഹ്വാനം ചെയ്തു.







Comments