
കാസർകോട്: സ്വകാര്യ ആശുപത്രിയിൽ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ പേഴ്സ് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പയഞ്ചേരി മുക്കിലെ രാജേഷ് കുമാർ (30) ആണ് കാസർകോട് ടൗൺ പൊലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് അവസാനത്തോടെയാണ് കേസിനാസ്പദമായ സംഭവം. തൈവളപ്പ് ഹൗസിലെ ടി.എ. അബ്ദുൽ ഖാദറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസുഖത്തെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവിനൊപ്പം പരാതിക്കാരന്റെ മാതാവും ഉണ്ടായിരുന്നു. ആശുപത്രി മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പേഴ്സാണ് കാണാതായത്.
പേഴ്സിൽ ₹52,000 രൂപയും വിവിധ പ്രധാനപ്പെട്ട രേഖകളും ഉണ്ടായിരുന്നു. പേഴ്സ് നഷ്ടപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്.
തുടർന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാജേഷ് കുമാറിനെ തിരിച്ചറിഞ്ഞത്. കാസർകോട് പൊലീസ് ഇൻസ്പെക്ടർ മെൽവിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.രാജേഷ് കുമാർ ഇരുപതിലേറെ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.







Comments