
ഉച്ചകഴിഞ്ഞ് സാധാരണയായി ആളുകള്ക്ക് ജോലിയില് വലിയ ഉല്പ്പാദനക്ഷമത (productivity) തോന്നാറില്ല. പ്രത്യേകിച്ച് ജോലി ചെയ്യുന്നവര്ക്ക് വൈകുന്നേരം 3 മണിയോടെ ഒരു ചെറു തലവേദന തുടങ്ങാന് സാധ്യതയുണ്ട്. ഇതോടൊപ്പമുള്ള ക്ഷീണവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും ജോലി പൂര്ത്തിയാക്കുന്നത് പ്രയാസകരമാക്കുന്നു. ഇത്തരം സാഹചര്യങ്ങള്ക്ക് കാരണമാകുന്നതും എന്നാല് പലപ്പോഴും ആളുകള് അവഗണിക്കുന്നതുമായ ഒരു പ്രധാന ഘടകമാണ് നിര്ജ്ജലീകരണം (Dehydration). തിരക്കുപിടിച്ച ഓഫീസ് ജോലികള്ക്കിടയില് വേണ്ടത്ര വെള്ളം കുടിക്കാതെ മണിക്കൂറുകള് കടന്നുപോകുന്നത് വളരെ സാധാരണയാണ്.
മീറ്റിംഗുകളിലിരിക്കുമ്പോള് വെള്ളം കുടിക്കുന്നത് നീട്ടിവെക്കുക, ചായയെയോ കാപ്പിയെയോ കൂടുതല് ആശ്രയിക്കുക, അല്ലെങ്കില് ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള് വെള്ളം കുടിക്കാന് മറന്നുപോവുക എന്നിവ ആളുകള് ചെയ്യാറുണ്ട്. കൂടാതെ, ചൂടും ഈര്പ്പവുമുള്ള കാലാവസ്ഥയില് വേര്പ്പിലൂടെ ദ്രാവകം നഷ്ടപ്പെടുന്നത് നിര്ജ്ജലീകരണത്തിനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു.
നിര്ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്
* മൂത്രത്തിന്റെ നിറം ഇരുണ്ടതാവുക
* തലവേദന
* വായ വരണ്ടുപോവുക
* ക്ഷീണം
* തലകറക്കം
* ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയുക
വൃക്കകളുടെ ആരോഗ്യത്തിന് ജലാംശത്തിന്റെ പ്രാധാന്യം
വൃക്കകളുടെ പ്രവര്ത്തനവുമായി ജലാംശത്തിന് അടുത്ത ബന്ധമുണ്ട്. കാരണം വൃക്കകള് രക്തത്തില് നിന്നുള്ള മാലിന്യങ്ങള് നിരന്തരം അരിച്ചെടുക്കുകയും ശരീരത്തിലെ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും സമതുലിതാവസ്ഥ നിലനിര്ത്തുകയും ചെയ്യുന്നു. കഠിനമായ നിര്ജ്ജലീകരണം ഉണ്ടാകുമ്പോള്, വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞേക്കാം. ഇത് കഠിനമോ അല്ലെങ്കില് നീണ്ടുനില്ക്കുന്നതോ ആണെങ്കില് പെട്ടെന്നുള്ള വൃക്കസ്തംഭനത്തിന് (Acute Kidney Injury) കാരണമായേക്കാം.
ദീര്ഘനേരം ജോലി ചെയ്യുന്നവര്, ജോലിക്ക് ശേഷം വ്യായാമം ചെയ്യുന്നവര്, കൂടുതല് യാത്ര ചെയ്യുന്നവര്, അല്ലെങ്കില് ചൂടുള്ള സാഹചര്യങ്ങളില് ജോലി ചെയ്യുന്നവര് എന്നിവര് ശരീരത്തില് ആവശ്യത്തിന് ജലാംശം നിലനിര്ത്തേണ്ടത് പ്രത്യേകം പ്രധാനമാണ്.
നേരത്തെ തന്നെ വൃക്കരോഗങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരുടെ ദ്രാവക ആവശ്യകതകള് വേറെയായിരിക്കാം. അതിനാല് അവര് സ്വന്തം ഡോക്ടറുടെ നിര്ദ്ദേശങ്ങള് പാലിക്കണം. അതുപോലെ, സാധ്യമാകുന്നത്ര വെള്ളം കുടിക്കുക എന്നതുമല്ല കാര്യം. കുറഞ്ഞ സമയത്തിനുള്ളില് അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ ബാധിക്കുകയും അത് ദോഷകരമായി ഭവിക്കുകയും ചെയ്തേക്കാം.







Comments