
മകൻ യുഗ് ദേവ്ഗന്റെ 16-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ബോളിവുഡ് താരം കാജോൾ. മകൻ ഇത്ര പെട്ടെന്ന് വളർന്നെന്ന യാഥാർത്ഥ്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, അവൻ കൂടുതൽ ഉയരമുള്ളവനും ശക്തനുമായി മാറിയെങ്കിലും ആ ചെറിയ കുട്ടിയെയാണ് താൻ ഇപ്പോഴും അവനിൽ കാണുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ താരം വ്യക്തമാക്കി.
‘വിശ്വസിക്കാൻ കഴിയുന്നില്ല, നമ്മൾ ഇതിനകം ഇവിടെ എത്തിക്കഴിഞ്ഞു.. ഏതാണ്ട് അവിശ്വസനീയമായ ഒരു നിമിഷമാണിത്. കാരണം നിന്നെ കാണുമ്പോഴൊക്കെ, നിന്റെ പഴയ ആ ചെറിയ കുട്ടിയുടെ രൂപം ഇപ്പോഴും നിന്റെ മേൽ പതിഞ്ഞു കിടക്കുന്നതായി എനിക്ക് കാണാം. നീ ഇപ്പോൾ ഉയരമുള്ളവനും ശക്തനുമാണെന്ന് എനിക്കറിയാം, എങ്കിലും എനിക്ക് എന്നും അങ്ങനെതന്നെയായിരിക്കും.. കുഞ്ഞു നീയും വലിയ നീയും എല്ലാം കൂടി കലർന്നിരിക്കുന്നു. ഇന്ന് ഞാൻ നിനക്കായി പലതും ആശംസിക്കുന്നു..
എനിക്ക് ചില ഭയങ്ങളുമുണ്ട്, എന്നാൽ അതിലേറെയും നീ നല്ലൊരു മനുഷ്യനായി വളരുമെന്ന പ്രതീക്ഷയാണ്. ജീവിതം നിന്റെ നേരെ എറിയുന്നതെല്ലാം ധൈര്യത്തോടും കൃപയോടും എല്ലാറ്റിനുമുപരി ദയയോടും കൂടി നേരിടുന്ന ഒരാളായി നീ മാറണം. നിങ്ങളോടും വിശാലമായ ലോകത്തോടും ദയ കാണിക്കുക.. ഉയരത്തിൽ പറക്കൂ, മനോഹരമായി ജീവിക്കൂ മോനേ.. നിനക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു’- കാജോളിന്റെ വാക്കുകൾ.
മകൻ തന്നെ സ്നേഹത്തോടെ ചുംബിക്കുന്ന മനോഹരമായ ഒരു ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ബര്ത്ത്ഡെ ബോയ്, ലവ് യു സോമച്ച്
എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം താരം ചേർത്തിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ യുഗിന് ആശംസകളുമായെത്തുന്നത്.
നടൻ അജയ് ദേവ്ഗൺ ആണ് കാജോളിന്റെ ഭർത്താവ്. 1999-ൽ വിവാഹിതരായ ഇവർക്ക് നിസ, യുഗ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.







Comments