
ജക്കാർത്ത: മോശം കാലാവസ്ഥയിൽപ്പെട്ടതിനെ തുടർന്ന് കമ്പനിയുമായി ബന്ധം നഷ്ടപ്പെട്ട ഇന്തോനേഷ്യൻ കപ്പലിൽ നിന്ന് 102 പേരെ രക്ഷപ്പെടുത്തി, ഒരാൾ മരിച്ചു. മോശം കാലാവസ്ഥയിൽ പെട്ടതിനെത്തുടർന്ന് ജാവയ്ക്കും ബോർണിയോയ്ക്കും ഇടയിൽ സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ നിന്ന് നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായും ഒരാൾ മരിച്ചതായും രക്ഷാപ്രവർത്തകർ അറിയിച്ചു.ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് കപ്പൽ ചരിഞ്ഞതായി (tilting) കാപ്റ്റൻ റിപ്പോർട്ട് ചെയ്തിരുന്നു.
കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് പുറപ്പെട്ട 'വിർഗോ ട്രാൻസ്പോർട്ട് 8' എന്ന കപ്പലിൽ 243 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെയോടെ കപ്പലിന് ഷിപ്പിംഗ് കമ്പനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ആകെ 102 യാത്രക്കാരെ ഒഴിപ്പിച്ചതായി പ്രാദേശിക രക്ഷാപ്രവർത്തന മേധാവി ഐ പുതു സുദയാന പറഞ്ഞു. കപ്പൽ ലക്ഷ്യസ്ഥാനമായ ബഞ്ചർമാസിൻ തുറമുഖത്തേക്ക് എത്തുന്നതിനിടെയാണ് ഈ ദുരന്തം ഉണ്ടായത്.
2.5 മീറ്റർ (8.2 അടി) വരെ ഉയരമുള്ള തിരമാലകളെ ചെറുത്താണ് രക്ഷാപ്രവർത്തകർ ഫെറിയിലെത്തിയത്. കപ്പലുകൾക്ക് ഇത് വളരെ അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷ്യസ്ഥാനത്തുനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ജാവ കടലിലാണ് കപ്പലിന്റെ അവസാന സ്ഥാനം കണ്ടെത്തിയത്.
17,000-ത്തിലധികം ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ സമുദ്ര അപകടങ്ങൾ സാധാരണമാണ്. ദൈനംദിന ഗതാഗതത്തിനും ടൂറിസത്തിനുമായി ബോട്ട് സർവീസുകളെയാണ് ഈ രാജ്യം കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും പ്രവചനാതീതമായ കാലാവസ്ഥയുമാണ് ഇത്തരം ദുരന്തങ്ങൾക്ക് പ്രധാന കാരണം.







Comments