
ന്യൂഡൽഹി: ബ്രിക്സ് നേതാക്കളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മൊഹമ്മദും കഴിഞ്ഞ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തില്ല. നേതാക്കൾ വിരുന്നിൽ പങ്കെടുക്കാതിരുന്നതിന് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ല എന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിയ ചൈനീസ് പ്രസിഡന്റ്, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതോടൊപ്പം പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ചയും നടത്തിയിരുന്നു. നേതാക്കളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നയതന്ത്ര പ്രവർത്തനങ്ങൾ കാരണം ആ ദിവസം തിരക്കേറിയതായിരുന്നു.നീണ്ട യാത്രയ്ക്ക് ശേഷമുള്ള ക്ഷീണവും സമയവ്യത്യാസവും കാരണമാണ് ഷി ജിൻപിങ് അത്താഴവിരുന്നിൽ പങ്കെടുക്കാതിരുന്നതെന്ന് ചില ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. ദീർഘദൂര യാത്രയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും മറ്റ് ബ്രിക്സ് നേതാക്കളും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അമിത് ഷാ, നിർമ്മലാ സീതാരാമൻ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ലോക്സഭാ സ്പീക്കർ ഓം ബിർള, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (ഉത്തർപ്രദേശ്), ദേവേന്ദ്ര ഫഡ്നാവിസ് (മഹാരാഷ്ട്ര), സുവേന്ദു അധികാരി (പശ്ചിമ ബംഗാൾ), ഹിമന്ത ബിശ്വ ശർമ്മ (അസം) എന്നിവരും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി മോദി ഇന്ന് ഏഴ് രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ പ്രധാനമന്ത്രി മോദിയും ഷി ജിൻപിങ്ങും ഇന്ത്യ-ചൈന ബന്ധങ്ങൾ അവലോകനം ചെയ്യുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ "വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത്" എന്ന് രണ്ട് നേതാക്കളും ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരു രാജ്യങ്ങളും തന്ത്രപരവും ദീർഘവീക്ഷണുള്ളതുമായ സമീപനം സ്വീകരിക്കണമെന്നും അവർ ആവർത്തിച്ചു.







Comments