
ഗായിക കെ.എസ്. ചിത്രയ്ക്കൊപ്പം ഗാനം ആലപിക്കുന്ന മനോഹരമായ വിഡിയോ പങ്കുവെച്ച് നടന് മനോജ് കെ. ജയൻ. ന്യൂസിലൻഡിൽ നടന്ന 'ലാലേട്ടൻ ഷോ'യ്ക്കിടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്കൊപ്പം താരം പാട്ടുപാടിയത്.
"ഈ നിമിഷങ്ങൾ അമൂല്യം. ന്യൂസിലൻഡിൽ, ലാലേട്ടൻ ഷോയിൽ, നമ്മുടെ മലയാളത്തിന്റെ സ്വന്തം വാനമ്പാടി… ലെജൻഡറി ചിത്ര ചേച്ചിയോടൊപ്പം പാടിയപ്പോൾ! ഇതെനിക്ക് മൂന്നാമത്തെ അവസരം. ദൈവത്തിന് നന്ദി," എന്ന കുറിപ്പോടെയാണ് മനോജ് കെ. ജയൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
മണിരത്നത്തിന്റെ സംവിധാനത്തില് 1992-ല് പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രമായ 'റോജ'യിലെ 'പുതുവെള്ള മഴൈ...' എന്ന ഗാനമാണ് ഇരുവരും വേദിയിൽ ആലപിച്ചത്. മനോജ് കെ. ജയൻ തമിഴ് വരികൾ പാടുമ്പോൾ കെ.എസ്. ചിത്ര ഹിന്ദി പതിപ്പാണ് ("യേ ഹസീൻ വദിയാൻ.) ആലപിച്ചത്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. "മനോഹരം, സൂപ്പർ, അടിപൊളി, അനുഗ്രഹീത ഗായകനായ മനോജേട്ടൻ... കൂടെ നമ്മുടെ സ്വകാര്യ അഹങ്കാരം ചിത്രച്ചേച്ചി" എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.
എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനം ചിത്രത്തിൽ ഉണ്ണിമേനോനും സുജാത മോഹനും ചേർന്നാണ് തമിഴില് ആലപിച്ചത്. എസ്.പി. ബാലസുബ്രഹ്മണ്യവും കെ.എസ്. ചിത്രയുമാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പാടിയിരിക്കുന്നത്.







Comments