
ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്രസർക്കാരിന്റെ ചൈനീസ് നയത്തിനെതിരെ കോൺഗ്രസ്. ചൈനയോടുള്ള കേന്ദ്രത്തിന്റെ സമീപനം കരുതിക്കൂട്ടിയുള്ള കീഴടങ്ങലാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷാ, സാമ്പത്തിക താൽപര്യങ്ങൾ ബലികഴിച്ചാണ് സർക്കാർ ചൈനയ്ക്ക് മുന്നിൽ കീഴടങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2020 ജൂൺ 19-ലെ ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ വിവാദ ക്ലീൻ ചിറ്റ് പരാമർശവും ജയറാം രമേശ് വീണ്ടും ഉയർത്തിക്കാട്ടി. ഇതിലൂടെ ഇന്ത്യയ്ക്ക് സ്വന്തം ഭാഗം വ്യക്തമാക്കാനുള്ള അവസരം നഷ്ടമായെന്നാണ് കോൺഗ്രസിന്റെ ആരോപണം.
പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക സഹകരണം, അതിർത്തിയിലെ വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്നതിൽ പ്രധാനമന്ത്രി മൗനം പാലിച്ചതിനെയും കോൺഗ്രസ് ചോദ്യം ചെയ്തു. ചൈനയെ ഭീകരവാദത്തിന്റെ ഇരയായി ചിത്രീകരിച്ച പ്രധാനമന്ത്രിയുടെ പരാമർശത്തെയും പാർട്ടി പരിഹസിച്ചു.
കിഴക്കൻ ലഡാക്കിലെ പരമ്പരാഗത പട്രോളിങ് മേഖലകളിലെ ഇന്ത്യയുടെ അവകാശങ്ങൾ നഷ്ടപ്പെട്ടെന്നും കോൺഗ്രസ് ആരോപിച്ചു. അരുണാചൽ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റങ്ങളും സ്ഥലങ്ങളുടെ പേരുമാറ്റലും കേന്ദ്രം ഗൗരവമായി കാണുന്നില്ലെന്നും പാർട്ടി കുറ്റപ്പെടുത്തി.
അതേസമയം, ബ്രഹ്മപുത്രയിൽ ചൈന നടപ്പാക്കുന്ന വൻ ജലവൈദ്യുത പദ്ധതികൾ വടക്കുകിഴക്കൻ ഇന്ത്യയുടെ ജലസുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.







Comments