
ന്യൂഡൽഹി: പ്രൊഫൈൽ ഗ്രിഡിൽ പ്രദർശിപ്പിക്കുന്ന ഉള്ളടക്കത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ഇനി മറ്റുള്ളവർ ടാഗ് ചെയ്യുന്ന പോസ്റ്റുകൾ റീപോസ്റ്റ് ചെയ്യുകയോ ചിത്രങ്ങളും വിഡിയോകളും വീണ്ടും അപ്ലോഡ് ചെയ്യുകയോ ചെയ്യാതെ തന്നെ സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ ചേർക്കാം.
യാത്രകൾ, പാർട്ടികൾ, കൺസർട്ടുകൾ തുടങ്ങിയ അവസരങ്ങളിൽ സുഹൃത്തുക്കൾ പകർത്തിയ ചിത്രങ്ങളിൽ ടാഗ് ചെയ്യപ്പെട്ടാൽ, അതേ യഥാർഥ പോസ്റ്റ് തന്നെ സ്വന്തം ഗ്രിഡിൽ ഉൾപ്പെടുത്താനാകും.
ടാഗ് ചെയ്ത പോസ്റ്റുകൾ പ്രൊഫൈലിലേക്ക് ചേർക്കാൻ വിവിധ മാർഗങ്ങളുണ്ട്. ടാഗ് ചെയ്യുമ്പോൾ ലഭിക്കുന്ന ഡിഎം അറിയിപ്പ്, ടാഗ് ചെയ്ത പോസ്റ്റിൽ നിന്നുള്ള ഓപ്ഷൻ, പ്രൊഫൈലിലെ ‘Tagged’ ടാബ് എന്നിവ വഴി ഫീച്ചർ ഉപയോഗിക്കാം. ഗ്രിഡിൽ നിന്ന് പിന്നീട് പോസ്റ്റ് നീക്കം ചെയ്താലും യഥാർഥ അപ്ലോഡ് ഡിലീറ്റ് ചെയ്യപ്പെടില്ല.
പുതുതായി ചേർക്കുന്ന പോസ്റ്റുകൾ ഡിഫോൾട്ടായി റിവേഴ്സ്-ക്രോണോളജിക്കൽ ക്രമത്തിലാകും ഗ്രിഡിൽ പ്രത്യക്ഷപ്പെടുക. എന്നാൽ നേരത്തെ പ്രൊഫൈൽ ഗ്രിഡ് ക്രമീകരിച്ചിട്ടുള്ളവരുടെ ലേഔട്ട് സ്വമേധയാ റീസെറ്റ് ആകില്ല.
ക്രിയേറ്റർ കൊളാബറേഷനുകളും ടാഗ് ചെയ്യപ്പെടുന്ന ഗ്രൂപ്പ് ചിത്രങ്ങളും ഉൾപ്പെടെയുള്ള പോസ്റ്റുകൾ സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ പ്രദർശിപ്പിച്ച് ഫോളോവേഴ്സിലേക്ക് എത്തിക്കാനും പുതിയ ഫീച്ചറിലൂടെ സാധിക്കും.







Comments