
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് നിയന്ത്രണത്തിന് കാരണമാകുന്നത്.
എൽനിനോയെ തുടർന്നുള്ള മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിപ്പിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത കൂടിയതോടെ പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതി ലഭ്യതയിലും കാര്യമായ കുറവുണ്ട്. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽനിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി.
മധ്യപ്രദേശിൽനിന്ന് SWAP വഴി ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും (13.9.26) ലഭ്യമല്ല. ഇതോടെ 200 മെഗാവാട്ടിന്റെ അധിക കുറവാണ് നേരിടുന്നത്. അതേസമയം, ഇൻട്രാഡേ കരാറിലൂടെ ഇന്ന് വൈകിട്ട് 3.45 മുതൽ രാത്രി 12 വരെ 100 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കും.
മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന ഉപഭോഗം തുടരുന്നതിനാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് 500 മുതൽ 700 മെഗാവാട്ട് വരെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10.30ന് രേഖപ്പെടുത്തിയ 5150 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽക്കാലത്ത് രേഖപ്പെടുത്തുന്ന ഡിമാൻഡിന് തുല്യമാണ്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിനെ അപേക്ഷിച്ച് ഇത് ഏകദേശം 1100 മെഗാവാട്ട് വരെ കൂടുതലാണ്.







Comments