
കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില് സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്ശിച്ച് ജില്ലാ കമ്മിറ്റികള്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തിന് സംസ്ഥാന നേതൃത്വത്തിനെതിരേയാണ് ആക്ഷേപം ഉയര്ത്തിയത്. പരാജയ ഭാരം താഴെത്തട്ടിലുള്ള പ്രവര്ത്തകരുടെ മേല് കെട്ടിവെക്കാനുള്ള നീക്കത്തെ അപലപിക്കുകയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വീഴ്ചകള് ചൂണ്ടിക്കാട്ടുകയും ചെയ്തു.
പാര്ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് സമര്പ്പിച്ച സംഘടനാ റിപ്പോര്ട്ടും രൂക്ഷമായി വിമര്ശിക്കപ്പെട്ടു. കണ്ണൂര് ജില്ലയിലെ പരാജയം റിപ്പോര്ട്ടില് ഒഴിവാക്കിയതിനെതിരേയും ജില്ലാക്കമ്മറ്റികള് ആഞ്ഞടിച്ചു. കൊല്ലം, കണ്ണൂര്, കാസര്കോട് ജില്ലകളില് നിന്നുള്ള പ്രതിനിധികളാണ് പ്രധാനമായും രംഗത്തെത്തിയത്. ഭരണപരമായ പാളിച്ചകളും സര്ക്കാരിന്റെ ഇടപെടലുകള് പാര്ട്ടിയെ തളര്ത്തിയതുമാണ് തിരിച്ചടിച്ചതെന്ന് അഭിപ്രായപ്പെട്ടു. വര്ഗ ബഹുജന സംഘടനകള് നിഷ്ക്രിയമായപ്പോള് നേതൃത്വം ഇടപെട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി രേഖ റിപ്പോര്ട്ടില് ഒഴിവാക്കിയെന്നും അവര് കുറ്റപ്പെടുത്തി.
ഉപതിരഞ്ഞെടുപ്പുകളിലെയും തദ്ദേശ തിരഞ്ഞെടുപ്പുകളിലെയും തോല്വികളില് നിന്ന് പാഠം ഉള്ക്കൊള്ളാന് സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്ന് കാസര്കോട് പ്രതിനിധി വ്യക്തമാക്കി. തിരിച്ചടി മുന്കൂട്ടി കാണുന്നതില് പരാജയപ്പെട്ട സംസ്ഥാന കമ്മിറ്റിക്കാണ് ഈ ദയനീയ തോല്വിയില് പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശനുമായുള്ള പാര്ട്ടിയുടെ വഴിവിട്ട അടുപ്പത്തെയാണ് തൃശൂര് ജില്ലാ കമ്മിറ്റി ഉന്നയിച്ച ആക്ഷേപം. ഈ ബന്ധം മൂലം ന്യൂനപക്ഷ വോട്ടുകള് പാര്ട്ടിക്കെതിരായി മാറിയെന്നും പിന്നാക്ക വിഭാഗങ്ങള്ക്കിടയില് പോലും പാര്ട്ടിക്ക് നേട്ടമുണ്ടാക്കാന് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കാര്യമായ വിമര്ശനം ഉയര്ത്താതിരുന്നത്. പാര്ട്ടി ക്ലാസുകള് കൂടുതല് കാര്യക്ഷമമാക്കണമെന്ന നിര്ദ്ദേശം മാത്രമാണ് അവര് മുന്നോട്ടുവെച്ചത്. യോഗത്തിലെ സംവാദങ്ങളും വിവരങ്ങളും പുറത്തുപോകാതിരിക്കാന്, എം.വി. ഗോവിന്ദന് സമര്പ്പിച്ച റിപ്പോര്ട്ടിന്റെ കോപ്പികള് നേതാക്കളില് നിന്ന് പിന്നീട് തിരികെ ശേഖരിക്കുകയും ചെയ്തു. കണ്ണൂര് ജില്ലയിലെ തോല്വി കാര്യങ്ങള് പരാമര്ശിക്കാതിരുന്നതിലും പ്രതിനിധികള് വിമര്ശനം ഉന്നയിച്ചു.







Comments