
കോട്ടയം: കോണ്ഗ്രസുമായി അകന്നു നില്ക്കുന്നതിനിടയില് എന്എസ്എസിനെയും ജനറല് സെക്രട്ടറി സുകുമാരന് നായരെയും പുകഴ്ത്തി വിദ്യാഭ്യാസമന്ത്രി എന്. ഷംസുദ്ദീന്. കേരളത്തില് നൂറു കണക്കിന് വിദ്യാലയങ്ങള് ഉയര്ത്തി വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭവനകള് നല്കിയവരാണ് എന്എസ്എസ് എന്ന് മന്ത്രി പറഞ്ഞു. എല്ലാവരും തമ്മില് കേരളത്തില് സൗഹൃദപൂര്ണ്ണമായ അന്തരീക്ഷം ഉണ്ടാകണമെന്നും പറഞ്ഞു.
ചങ്ങനാശ്ശേരിയിലെ എന്എസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരന് നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. സന്ദര്ശനത്തില് പ്രത്യേകിച്ച് ഒന്നുമില്ലെന്നും കോട്ടയത്ത് ഒരു പരിപാടിയില് പങ്കെടുക്കാന് എത്തിയ താന് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുകയും അനുവാദം കിട്ടിയതിനെ തുടര്ന്ന് എത്തുകയായിരുന്നെന്നും പറഞ്ഞു. നേരത്തേ പൊതുവിദ്യാഭ്യാസ ഡയറക്ടര് സ്ഥാനത്ത് ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ഒഴിവാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തില് മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയൂം ചെയ്തു. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടര്മാര് മാറിയതും വകുപ്പിന്റെ പ്രവര്ത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ വിലയിരുത്തല്.
പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹില് കുമാറിനെ മാറ്റിയ വിവരം മന്ത്രി അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്ട്ട്. വകുപ്പിന്റെ പ്രവര്ത്തനങ്ങള് കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന് സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യം. ഡയറക്ടര് സ്ഥാനത്ത് നിയമിക്കുന്ന ഉദ്യോഗസ്ഥന് കുറഞ്ഞത് ഒരു വര്ഷമെങ്കിലും തുടരാന് അവസരം നല്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.







Comments