
മഡ്രിഡ്: ബാല്ലൺ ഡി ഓർ പുരസ്കാരത്തിനായി ഇത്തവണ പോരാട്ടം താനും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും തമ്മിലായിരിക്കുമെന്ന് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലമീൻ യമാൽ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ താനും എംബാപ്പെയുമാണെന്നും, ഈ വർഷത്തെ പ്രകടനവും നേട്ടങ്ങളും പരിഗണിക്കുമ്പോൾ ബാല്ലൺ ഡി ഓറിന് താൻ അർഹനാണെന്നും യമാൽ പറഞ്ഞു. സ്ട്രീമിങ് പ്ലാറ്റ്ഫോമായ മൂവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ഞാനും എംബാപ്പെയും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ്. പ്രത്യേകിച്ച് ഈ വർഷത്തെ എന്റെ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ ബാല്ലൺ ഡി ഓർ നേടാൻ ഞാൻ അർഹനാണെന്ന് കരുതുന്നു. പുരസ്കാരത്തിനായുള്ള മത്സരം ഞങ്ങൾ രണ്ടുപേരും തമ്മിലായിരിക്കും’– യമാൽ പറഞ്ഞു.
ഒക്ടോബർ 26നാണ് ബാല്ലൺ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുക. നേരത്തെ എംബാപ്പെയും പുരസ്കാരം നേടാൻ തനിക്ക് കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു.
‘ബാല്ലൺ ഡി ഓർ നേടുക എന്നത് എന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ക്ലബിനൊപ്പമോ രാജ്യത്തിനൊപ്പമോ ഒരു ട്രോഫിയും നേടിയിട്ടില്ലെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇത് വ്യക്തിഗത പുരസ്കാരമാണ്. ബാല്ലൺ ഡി ഓർ ജേതാവിനെ എല്ലാവരും ഏകകണ്ഠമായി പിന്തുണച്ചതായി ഇതുവരെ കണ്ടിട്ടില്ല. 100 ശതമാനം വോട്ടോടെ ആരെങ്കിലും ജയിച്ചിട്ടുണ്ടോ? അതിനർഥം വിജയി അർഹനല്ലെന്ന് കരുതുന്ന ഒരാളെങ്കിലും എപ്പോഴും ഉണ്ടാകുമെന്നാണ്’– എംബാപ്പെ പ്രതികരിച്ചു.







Comments