
തെന്നിന്ത്യന് ലേഡി സൂപ്പര്സ്റ്റാര് പദവി കൃത്യമായി യോജിക്കുന്ന താരമാണ് ഉര്വശിയെന്ന് ആരാധകരും സിനിമാപ്രവര്ത്തകരും സഹതാരങ്ങളുമടക്കം എല്ലാവരും പറയാറുണ്ട്. ബാലതാരമായി തുടങ്ങി, നായികയായി ഒരേ സമയം മലയാളത്തിലും തമിഴിലുമടക്കം തിളങ്ങി പിന്നീട് വര്ഷങ്ങള്ക്കിപ്പുറം കരുത്തുറ്റ അമ്മവേഷങ്ങളിലൂടെ തിളങ്ങി നില്ക്കുകയാണ് ഉര്വശി. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ‘ആശ’ നിറഞ്ഞ കൈയടി നേടി തിയേറ്ററില് മുന്നേറുകയാണ്. ഏറ്റവുമധികം പ്രശംസ നേടുന്നതും ഉര്വശിയുടെ മികച്ച അഭിനയമാണ്.
ഇക്കഴിഞ്ഞ ദിവസം ‘ആശ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച ദക്ഷ രവീന്ദ്രനാഥ് എന്ന അവതാരകയോട് ഉർവശി മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആ വേദിയില് ഉർവശിക്കൊപ്പം മറ്റു താരങ്ങളായ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരുമുണ്ടായിരുന്നു. ‘കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്രയും വലിയ ആൾക്കാരാണെന്ന് പറഞ്ഞിട്ട് ഇംഗ്ലീഷിൽ എന്തോന്നാ ഈ കടുക് വറുക്കുന്നത്... ? എന്നായിരുന്നു ഉർവശിയുടെ ചോദ്യം. ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്ശനങ്ങളും സോഷ്യല് മീഡിയയില് നിറയുന്നുണ്ട്.
ഇപ്പോഴിതാ ഉർവശിയുടെ പരാമർശം വിമർശനത്തിന് കാരണമായതോടെ വിഷയത്തിൽ നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും പ്രതികരിച്ചിരിക്കുകയാണ്. ഒരാൾ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെ അഹങ്കാരമായി കാണുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് സുപ്രിയ കുറിച്ചു.
‘‘ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെച്ചൊല്ലിയുള്ള ഈ നിരന്തരമായ തർക്കം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലം മുതൽ ഇത്തരം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ഒരാളെന്ന നിലയിൽ, എനിക്കിപ്പോഴും ഇക്കാര്യത്തിൽ ആശയക്കുഴപ്പമാണുള്ളത്. നമ്മൾ നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്കും കോളേജുകളിലേക്കും അയക്കുന്നു. നമ്മുടെ ആളുകൾ നിസ്സാര കാരണങ്ങൾക്ക് പോലും വിദേശത്തേക്ക് കുടിയേറുകയും, ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായി മാറുകയും ചെയ്യുന്നു. എന്നിട്ടും, ഒരാൾ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ അതിനെ എന്തുകൊണ്ടാണ് അഹങ്കാരത്തിന്റെയോ ഗർവിന്റെയോ ലക്ഷണമായി കാണുന്നത്? മറ്റൊരു ഭാഷയിൽ ആശയവിനിമയം നടത്തുമ്പോൾ മലയാളത്തോടുള്ള അഭിമാനം കുറയേണ്ടതുണ്ടോ? ഒരാൾ മറ്റൊരു ഭാഷയിൽ സംസാരിക്കുന്നത് മലയാള ഭാഷ പ്രൗഡി കുറയ്ക്കുന്നത് എങ്ങനെയാണ്. ഇത് കുഴപ്പിക്കുന്നതാണ്, തീര്ത്തും അമ്പരപ്പിക്കുന്ന കാര്യമാണിത്...’’എന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് വന്ന ഒരു റിയാക്ഷൻ വീഡിയോക്ക് സുപ്രിയ നല്കിയ കമന്റ്.
മലയാളിയാണെങ്കിലും സുപ്രിയ വളർന്നതും പഠിച്ചതും ജോലി ചെയ്തതും ഡൽഹിയിലും മുംബൈയിലുമായിട്ടാണ്. പൃഥ്വിരാജിനെ വിവാഹം ചെയ്തതോടെയാണ് സുപ്രിയ മലയാളികള്ക്ക് സുപരിചിതയായത്. പൃഥ്വിയെ വിവാഹം ചെയ്തതിന് പിന്നാലെ ഒരു അഭിമുഖത്തിൽ താരത്തിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെ സുപ്രിയ പ്രശംസിച്ചതും വലിയ ചർച്ചയായി മാറിയിരുന്നു. പിന്നാലെ ഇരുവർക്കുമെതിരെ വ്യാപകമായ ട്രോളുകളും ഉയർന്നിരുന്നു. പൃഥ്വിരാജിനും ഇംഗ്ലീഷ് ഭാഷയുടെ പേരിൽ ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
മലയാളികൾ പങ്കെടുക്കുന്ന വേദിയിൽ ആങ്കർ ഇംഗ്ലീഷിൽ സംസാരിച്ചതിനെതിരെയായിരുന്നു ഉർവശിയുടെ പരസ്യ വിമർശനം. “ഇവിടെ ഇരിക്കുന്നവരെല്ലാം മലയാളികളാണ്. മലയാളികളെല്ലാം ഇരിക്കുമ്പോൾ ഇംഗ്ലീഷിൽ എന്തിനാണ് സംസാരിക്കുന്നത്” എന്നായിരുന്നു ഉർവശിയുടെ ചോദ്യം. ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽനിന്ന് വന്നതിനാൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത് അവളോടായിരിക്കുമെന്ന് കരുതിയെന്ന് പറഞ്ഞ ഉര്വശി, ആങ്കറുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകാതിരുന്നതില് പരിഭവവും പ്രകടിപ്പിച്ചു.
‘‘എന്നെയാണ് അറ്റാക്ക് ചെയ്യുന്നത്, നിങ്ങളെന്താ റിയാക്ട് ചെയ്യാത്തത് പിള്ളേരെ, എന്നെയൊന്ന് രക്ഷപ്പെടുത്ത്...’’ എന്നും ഉര്വശി പറഞ്ഞു. കാണികൾ കയ്യടിയോടെയാണ് പ്രതികരിച്ചത്. സാഹചര്യം തമാശയായി കൈകാര്യം ചെയ്യാൻ ശ്രമിച്ച ആങ്കർ ‘ഐ ആം ദ സോറി’ എന്ന സിനിമാ ഡയലോഗും പറഞ്ഞു. എന്നാൽ ഇംഗ്ലീഷിൽ സംസാരിച്ചതിനെ ന്യായീകരിക്കേണ്ടതില്ലെന്നും സ്വന്തം നാട്ടിൽ സ്വന്തം ഭാഷയിൽ സംസാരിച്ചാൽ മതിയെന്നും ഉർവശി വ്യക്തമാക്കി. ഇതിനെതിരെയാണ് പല കമന്റുകളും നിറഞ്ഞത്.
‘ലെജൻഡ് ആണെന്നത് എന്തും പറയാമെന്നതിനുള്ള ലൈസൻസ് അല്ല, ആ അവതാരകയായ കുട്ടി ആ സിറ്റുവേഷനെ നല്ല രീതിയില് കൈകാര്യം ചെയ്തു, നിങ്ങൾക്ക് വലുതാകാൻ വേണ്ടി ഒരാളെ ചെറുതാക്കി കാണിക്കുന്നത് ഏറ്റവും മോശം പ്രവൃത്തിയാണ് എന്നാണ് ഒരാൾ പ്രതികരിച്ച് പറഞ്ഞത്. ആ കുട്ടി ഇംഗ്ലീഷും മലയാളവും കലർത്തി നല്ല വൃത്തിക്ക് ആങ്കറിങ് ചെയ്തുകൊണ്ടിരുന്ന ഒരു വേദിയിൽ വെച്ച് ഇങ്ങനെ ചോദിക്കുന്നത് ഒരു തരത്തിൽ ഇൻസൾട്ടിങ് തന്നെയല്ലേ?, ആ കുട്ടിയുടെ കോൺഫിഡൻസ് തകർക്കുന്ന പരിപാടിയല്ലേ?...’’ എന്നതടക്കമാണ് കമന്റുകള്.







Comments