
വളർത്തുനായയെ ലിഫ്റ്റിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ കയ്യാങ്കളിയിലെത്തിയതോടെ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഗാസിയാബാദിലെ രാജ് നഗർ എക്സ്റ്റൻഷനിലെ വിൻഡ്സർ പാരഡൈസ് സൊസൈറ്റിയിലാണ് സംഭവം. ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ രണ്ട് സ്ത്രീകൾ തമ്മിൽ വാക്കുതർക്കവും പിന്നീട് പരസ്പരം കൈയേറ്റം ചെയ്യുന്നതും വ്യക്തമായി കാണാം.
സ്കൂൾ അധ്യാപികയായ ഹിന ബാരി നൽകിയ പരാതിയിലാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ശ്വേത സുബെ എന്ന യുവതി വളർത്തുനായയുമായി ലിഫ്റ്റിലുണ്ടായിരുന്നെന്നും മറ്റ് താമസക്കാരെ ലിഫ്റ്റിൽ കയറുന്നതിൽ നിന്ന് തടഞ്ഞെന്നുമാണ് അധ്യാപികയുടെ ആരോപണം. തുടർന്ന് തർക്കമുണ്ടാകുകയും നായയെ നിയന്ത്രിക്കാൻ കൈവശം കരുതിയിരുന്ന മരക്കഷണം ഉപയോഗിച്ച് തന്നെ മർദിച്ചെന്നും ഹിന പരാതിയിൽ പറയുന്നു. സിസിടിവിയിൽ യുവതി അധ്യാപികയെ തല്ലുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും കാണാം.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ഹിനയാണ് പരാതിയുമായി നന്ദ്ഗ്രാം പോലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ പോലീസ് എൻസിആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലഭ്യമായ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് പോലീസ് അറിയിച്ചു.







Comments