
കാസര്ഗോഡ്: നിര്മാണം പൂര്ത്തിയാക്കി താമസം തുടങ്ങാന് ദിവസങ്ങള് മാത്രം ശേഷിക്കെ വീടിനടിയില് രൂപപ്പെട്ട ഭീമന് ഗര്ത്തവും ഗുഹാസദൃശമായ ഭൂഗര്ഭ അറയും സംബന്ധിച്ച് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ വിദഗ്ധസംഘം പരിശോധന നടത്തി. തിരുവനന്തപുരത്തു നിന്നുള്ള ഏഴംഗ സംഘമാണ് കുറ്റിക്കോല് ഒറ്റമാവുങ്കലിലെ കെ. സദന്റെ വീട് സന്ദര്ശിച്ചത്. കെ. സദന് ജില്ലാ കലക്ടര്ക്ക് നിവേദനം നല്കിയതിനെ തുടര്ന്നാണ് വിദഗ്ധ പരിശോധനയ്ക്കു നിര്ദേശം നല്കിയത്.
വീടിനടിയില് ഏകദേശം 72 മീറ്റര് നീളത്തില് കുഴലിന്റെ ആകൃതിയിലുള്ള മണ്ണൊലിപ്പാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം വിദഗ്ധന് ശങ്കര് പറഞ്ഞു. മണ്ണൊലിപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പരിശോധനയില് വ്യക്തമായതെന്നും അതിനാല് പ്രദേശത്ത് കൂടുതല് ജാഗ്രത പുലര്ത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കന് കേരളത്തില് ഇത്തരം ഭൂഗര്ഭ പ്രതിഭാസങ്ങള് വര്ധിച്ചുവരുന്നുണ്ട്.
വലിയ കെട്ടിടങ്ങള് ഉള്പ്പെടെയുള്ള നിര്മാണ പ്രവര്ത്തനങ്ങള് നടത്തുമ്പോള് ഇത്തരം ഭൂഗര്ഭ പ്രതിഭാസങ്ങളുടെ സാധ്യത മുന്കൂട്ടി മനസിലാക്കി ആവശ്യമായ മാറ്റങ്ങളും മുന്കരുതലുകളും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നേരത്തെ സോയില് കണ്സര്വേഷന് ഓഫീറുടെയും ജിയോളജിസ്റ്റിന്റെയും ഹസാര്ഡ് അനലിസ്റ്റിന്റെയും നേതൃത്വത്തിലുള്ള വിദ്ഗ്ദ്ധസംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീട് നിര്മാണം പൂര്ത്തിയാക്കി താമസം തുടങ്ങാനുള്ള ഒരുക്കങ്ങള്ക്കിടയിലാണ് സംഭവമുണ്ടായത്. ഇതോടെ പുതുതായി നിര്മിച്ച വീടും കിടപ്പാടവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സദനും കുടുംബവും.
കുടുംബത്തെ സഹായിക്കാന് നാട്ടുകാര് രംഗത്തെത്തിയിട്ടുണ്ട്. സദനും കുടുംബത്തിനും തൊട്ടടുത്തായി മറ്റൊരു വീട് നിര്മിച്ച് തല്ക്കാലം താമസ സൗകര്യം ഒരുക്കാന് നാട്ടുകാരുടെ നേതൃത്വത്തില് സാമ്പത്തിക സമാഹരണം ആരംഭിച്ചു. ഇതിനകം നിരവധിപേര് സഹായ ഫണ്ടിലേക്ക് സംഭാവന നല്കിയതായി കുറ്റിക്കോല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന കുമാരി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സഹായ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്കിയതായും ശോഭന കുമാരി അറിയിച്ചു.







Comments