
നടന് സൂരിയുമായി മുന്പുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടന് വിഷ്ണു വിശാല്. തങ്ങള് തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും 2024-ല് തന്നെ സംസാരിച്ച് തീര്ത്തതാണെന്നും ഇനി പഴയ കാര്യങ്ങള് വീണ്ടും ചര്ച്ചയാക്കരുതെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു.
സൂരി നായകനാകുന്ന പുതിയ ചിത്രം 'മണ്ടാടി'ക്ക് വിഷ്ണു വിശാല് ആശംസകള് അറിയിച്ചതിന് പിന്നാലെയാണ് സോഷ്യല് മീഡിയയില് പഴയ വിവാദങ്ങള് വീണ്ടും തലപൊക്കിയത്. എന്നാല് നിലവില് തങ്ങള്ക്കിടയില് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് വിഷ്ണു വിശാല് വ്യക്തമാക്കി.
തങ്ങള്ക്കിടയില് മുന്പുണ്ടായ അകല്ച്ചയ്ക്കും തെറ്റിദ്ധാരണകള്ക്കും കാരണം മൂന്നാമതൊരു വ്യക്തിയാണെന്ന് വിഷ്ണു വിശാല് വെളിപ്പെടുത്തി.
''ഈ വിവരക്കേട് നിര്ത്തണം. ഞങ്ങള് എല്ലാ തെറ്റിദ്ധാരണകളും 2024 ല് തീര്ത്തിട്ടുണ്ട്. രണ്ട് പേര്ക്കും നല്ലത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ആശയക്കുഴപ്പമുണ്ടാക്കിയത് മൂന്നാമത് ഒരാളുടെ ഇടപെടലാണ്. നിങ്ങളും എല്ലാം മറന്ന് മുന്നോട്ട് പോകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു'' എന്നാണ് വിഷ്ണു വിശാല് എക്സില് കുറിച്ചത്.
ഒരുകാലത്ത് വലിയ സുഹൃത്തുക്കളായിരുന്നു വിഷ്ണുവും സൂരിയും. വെണ്ണില കബഡി കുഴു, വേലൈന്നു വന്തിട്ടാ വേലൈക്കാരന്, കഥാനായകന് തുടങ്ങിയ സിനിമകളില് ഇരുവരുടെ കോമ്പോ കയ്യടി നേടിയിരുന്നു.എന്നാല് 2020 ല് സൂരിയ്ക്കെതിരെ വിഷ്ണുവിന്റെ പിതാവിനെതിരെ ഒരു ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് സൂരി 2.7 കോടിയുടെ തട്ടിപ്പ് കേസ് നല്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും അകലുന്നത്.
എന്നാല് 2024 ല് ഇരുവരും എല്ലാ പ്രശ്നങ്ങളും സംസാരിച്ച് പരിഹരിക്കുകയായിരുന്നു. തുടര്ന്ന് സൂരിയ്ക്കും തന്റെ പിതാവിനുമൊപ്പമുള്ള ചിത്രം വിഷ്ണു വിശാല് പങ്കുവെക്കുകയും ചെയ്തിരുന്നു.







Comments