
"വൈദ്യുതി വകുപ്പ് തന്റെ തലയിൽ അടിച്ചേൽപ്പിച്ച ഒരു കുരിശാണ്" എന്നായിരുന്നു വൈദ്യുതി മന്ത്രി തന്റെ വകുപ്പിനെ കുറിച്ചു നടത്തിയ വെറുപ്പുനിറഞ്ഞ പരാമർശം. ഒരു മന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെടുന്നുവെങ്കിൽ എത്രത്തോളം അസ്വീകാര്യതകൊണ്ടായിരിക്കും എന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. കുരിശിനെ പുഷ്പ കിരീടമാക്കുമെന്ന് പിന്നീട് മാറ്റിപ്പറഞ്ഞുവെങ്കിലും അത് സർക്കാരിന്റെ പ്രതിച്ഛായ ഒന്നുമാത്രം ഓർത്തായിരിക്കുമെന്ന് സ്പഷ്ടമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ഇഷ്ടമില്ലാത്ത വകുപ്പിൽ ഇഷ്ടമില്ലാത്ത മന്ത്രി ഭരിച്ചാൽ കേരളം ഇരുട്ടിലാകുമെന്ന് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ കറന്റുകട്ടുകൾ നമ്മെ പഠിപ്പിക്കുന്നു.
കൽക്കരി വില കൂടിയത് വൈദ്യുതിവാങ്ങലിനെ ബാധിക്കുമെന്ന മുൻ ധാരണ വകുപ്പിന് ഇല്ലായിരുന്നു എന്നു വേണം കരുതാൻ, കൽക്കരി വില കൂടിയാൽ നമുക്കെന്ത്? എന്ന ഭാവം വച്ചുപുലർത്തിയതിനാലാവും കൂടിയ വിലയ്ക്ക് പോലും വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥ സംജാതമാക്കിയത്. ആദ്യം തന്നെ കഴിഞ്ഞ സർക്കാരിനെ കുറ്റം പറയാൻ മറന്നില്ലല്ലോ. ആ സമയത്ത് അവർ വരുത്തിയെന്ന് പറയുന്ന പിഴവുകൾ തിരുത്താൻ കൂടി മിനക്കെടാമായിരുന്നു. ദീർഘകാല കരാർ റദ്ദാക്കിയത് പ്രതിപക്ഷത്തിരുന്നും ഭരണപക്ഷത്തിരുന്നും വിമർശിക്കുമ്പോൾ അതിനെ മറികടക്കാനുള്ള മാസ്റ്റർ പ്ലാൻ കണ്ടെത്തിയിരുന്നെങ്കിൽ, അത്ഭുതവിദ്യ കൈവശമില്ല എന്ന് പറഞ്ഞ് കഴിവുകേടിന് 100 വാട്ട് പവറിലുള്ള പ്രകാശം നൽകേണ്ടിവരുമായിരുന്നില്ല.
സർക്കാർ തങ്ങളുടെ മുന്നിലുള്ള വൈദ്യുതി പ്രതിസന്ധി എങ്ങനെ മറികടക്കും? ജനങ്ങൾ മാറിമാറി അധികാരം നൽകുന്ന ഭരണവർഗ്ഗങ്ങൾ ചെയ്ത ‘അമിതഭാരം’ അടിച്ചേല്പിക്കൽ എന്ന ചടങ്ങിൽ നിന്ന് ഒരു ഇഞ്ചുപോലും വ്യതിചലിക്കാൻ വി ഡി സതീശൻ സർക്കാരിനും കഴിയില്ലേ? ജനങ്ങൾ ഏറെ പ്രതീക്ഷയോടെ അധികാരമേൽപ്പിച്ചു നൽകിയ ഒരു സർക്കാരാണിത്. അവരെ നിങ്ങൾ തുടക്കത്തിലേ നിരാശപ്പെടുത്തുമോ?
ഇനി ചുവന്ന പുസ്തകത്തിന്റെ കാര്യം. വി ഡി സതീശൻ എന്ന മുഖ്യമന്ത്രി ആദരണീയൻ തന്നെയാണ്. കഴിവതും എല്ലാ കാര്യങ്ങളിലും നീതി ഉറപ്പാക്കാൻ ശ്രമിക്കുന്ന, അനാവശ്യ പ്രതികരണങ്ങൾ നടത്താൻ ശ്രമിക്കാത്ത നല്ലൊരു മുഖ്യമന്ത്രി. എന്നാൽ, ഇ ഡിയുടെ കണ്ടെത്തലും ചുവന്ന പുസ്തകവും അദ്ദേഹത്തിനു വിനയാകുമോ എന്ന് കാത്തിരുന്നു കാണാം. കാരണം സിഎംആർഎൽ കേസിൽ വീണ ടി, പിണറായി വിജയൻ, റിയാസ് എന്നിവർക്കെതിരെ കേസെടുത്താൽ പ്രതിപക്ഷം അടങ്ങിയിരിക്കില്ല എന്ന് ഉറപ്പാണ്. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വൻ തുക കൈപ്പറ്റിയിട്ടുണ്ട് എന്ന് ഇ ഡി കണ്ടെത്തിയിട്ടുമുണ്ട്. ഇത് നേതാക്കൾ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ അത് സംഭാവന ആയിരുന്നു എന്ന ഒറ്റവാക്ക് ക്ലീൻ ചിറ്റ് ആകുമോ എന്ന സംശയം ഇപ്പോഴും ശക്തമാണ്.







Comments